തലശ്ശേരി: കാല്‍ നൂറ്റാണ്ടിലേറെ കാലത്തെ പരിശ്രമത്തിലൂടെ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകള്‍ക്ക് വില മതിക്കാനാവാത്ത നിഘണ്ടു തയ്യാറാക്കിയ ഞാറ്റ്യേല ശ്രീധരന് ജന്മസാഫല്യം. ദക്ഷിണേന്ത്യന്‍ ഭാഷകളെയാകെ സമന്വയിപ്പിച്ച് കൊണ്ടുള്ള ചതുര്‍ഭാഷാ നിഘണ്ടു പൂര്‍ണ രൂപത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചതിന്റെ പ്രകാശനം പുരോഗമന കലാസാഹിത്യ സംഘം തലശ്ശേരി മേഖലാ കമ്മിറ്റിയാണ് സംഘടിപ്പിച്ചു. ജൂബിലി ഷോപ്പിംഗ് കോംപ്ലക്‌സിലെ കെ.എസ്.എസ്.പി.യു. ഹാളില്‍ നടന്ന ചടങ്ങില്‍ നിരൂപകനും എഴുത്തുകാരനുമായ ഇ.പി.രാജഗോപാലന്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. സീനിയര്‍ സിറ്റിസണ്‍ ഫോറം സെക്രട്ടറി പി.കുമാരന്‍ പുസ്തകം ഏറ്റുവാങ്ങി. കെ.ടി.ബാബുരാജ് പുസ്തക പരിചയം നടത്തി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം.സത്യന്‍ അധ്യക്ഷത വഹിച്ചു.
നിഘണ്ടു തയാറാക്കിയതിലൂടെ 85 കാരനായ ശ്രീധരേട്ടനെ തേടി ഗുണ്ടര്‍ട്ട് അവാര്‍ഡ്, ഇന്ത്യാ റീഡിങ്ങ് ഒളിമ്പ്യാഡ് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളുമെത്തിയിരുന്നു. ബാലകൃഷ്ണന്‍ കൊയ്യാല്‍, നന്ദന്‍ പയ്യന്നൂര്‍, കെ.കെ.രമേഷ്, മുകുന്ദന്‍ മീത്തില്‍, കെ.ആര്‍.സരിത, ഡോ. പ്രിയ വര്‍ഗ്ഗീസ്, വി.കെ.ബാലന്‍, ടി.എം ദിനേശന്‍, ച ചാലക്കര പുരുഷു,റാഫി പൂക്കോം സംസാരിച്ചു.