രാജസ്ഥാന് വിജയാശ്വാസം

രാജസ്ഥാന് വിജയാശ്വാസം

പഞ്ചാബിന് നാല് വിക്കറ്റിന് തോല്‍പ്പിച്ചു. പ്ലേ ഓഫിലെത്താന്‍ അടുത്ത മത്സരങ്ങളില്‍ മുംബൈയും ആര്‍.സി.ബിയും പരാജയപ്പെടണം

ധരംശാല: നിര്‍ണായകമായ മത്സരത്തില്‍ പഞ്ചാബിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയെങ്കിലും പ്ലേ ഓഫിലെത്താന്‍ രാജസ്ഥാന് മറ്റ് ടീമുകളുടെ മത്സര ഫലങ്ങളെ കാത്തുനില്‍ക്കേണ്ടി വരും. നിലവില്‍ ഏഴ് വിതം ജയവും പരാജയവുമായി 14 പോയിന്റുമായി പോയിന്റ് ടേബിളില്‍ അഞ്ചാമതാണ് റോയല്‍സ്. നാലാമതുള്ള ആര്‍.സി.ബി.യെ നെറ്റ് റണ്‍റേറ്റില്‍ മറികടക്കണമെങ്കില്‍ പഞ്ചാബ് ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറിലെങ്കിലും മറികടക്കണമായിരുന്നു. എന്നാല്‍ 19.4 ഓവറിലാണ് രാജസ്ഥാന് വിജയ റണ്‍ കണ്ടെത്താനായത്. ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബിന്റെ ടോപ് ഓര്‍ഡര്‍ ബാറ്റിങ് നിര തകര്‍ന്നടിയുന്ന കാഴ്ചയാണ് കണ്ടത്. ഒരുഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സ് എന്ന നിലയിലായിരുന്നു റോയല്‍സ്. അവിടെനിന്ന് അവരെ കര കയറ്റിയത് സാം കറണിന്റേയും ജിതേഷ് ശര്‍മയുടേയും അഞ്ചാംവിക്കറ്റ് കൂട്ടുക്കെട്ടാണ്. ഇരുവരും ചേര്‍ന്ന് 64 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 44 റണ്‍സെടുത്ത് ജിതേഷ് ശര്‍മ പുറത്തായെങ്കിലും അവസാന ഓവറുകളില്‍ ഷാരൂഖ് ഖാന്‍ (41*) ആടിത്തിമിര്‍ത്തപ്പോള്‍ പഞ്ചാബ് സ്‌കോര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 187 റണ്‍സ് എന്ന നിലയിലായി. സാം കറണ്‍ പുറത്താകാതെ 31 പന്തില്‍ 49 റണ്‍സ് നേടി. രാജസ്ഥാന് വേണ്ടി നവ്ദീപ് സൈനി മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങില്‍ ജോസ് ബട്‌ലറും സഞ്ജു സാംസണും വീണ്ടും നിരാശപ്പെടുത്തി. ബട്‌ലര്‍ വീണ്ടും ഡക്കായി മടങ്ങി. റബാദക്കാണ് വിക്കറ്റ്. രാഹല്‍ ചഹാറിന്റെ പന്ത് അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ രണ്ടു റണ്‍സുമായി സഞ്ജുവും മടങ്ങി. ജയ്‌സ്വാള്‍ പതിവ് ശൈലിയില്‍ തന്നെയാണ് ബാറ്റ് വീശിയത്. രണ്ടാം വിക്കറ്റില്‍ പടിക്കലിനെ കൂട്ടു പിടിച്ച് ജയ്‌സ്വാള്‍ 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 51 റണ്‍സുമായി പടിക്കലും 50 റണ്‍സുമായി ജയ്‌സ്വാളും മടങ്ങിയെങ്കിലും ഷിംറോണ്‍ ഹെറ്റ്‌മെയര്‍ അടിച്ചു തകര്‍ത്തു. 28 പന്തില്‍ 46 റണ്‍സ് നേടിയ ഹെറ്റ്‌മെയറും 12 പന്തില്‍ 20 റണ്‍സ് നേടിയ പരാഗും രാജസ്ഥാനെ വിജയ വഴിയില്‍ എത്തിച്ചു. വിജയത്തിനരികെ ഇരുവരും പുറത്തായെങ്കിലും അവസാന ഓവറിലെ നാലാം പന്തില്‍ ധ്രുവ് ജുറേല്‍ വിജയറണ്‍ നേടി രാജസ്ഥാന് വിലപ്പെട്ട രണ്ട് പോയിന്റുകള്‍ സമ്മാനിച്ചു. പഞ്ചാബിന് വേണ്ടി റബാദ രണ്ട് വിക്കറ്റ് വീഴ്ത്തി. ദേവ്ദത്ത് പടിക്കാലാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ഇനി രാജസ്ഥാന് പ്ലേ ഓഫിലേക്കെത്തണമെങ്കില്‍ അവസാന മത്സരത്തില്‍ ഗുജറാത്തിനോട് ആര്‍.സിബി വന്‍മാര്‍ജിനില്‍ തോല്‍ക്കണം. ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ലഖ്‌നൗ കൊല്‍ക്കത്തയെയും ചെന്നൈ ഡല്‍ഹിയെയും തോല്‍പ്പിച്ചാല്‍ ഇരു ടീമുകളും 17 പോയിന്റുമായി പ്ലേ ഓഫിലെത്തും.

പിന്നീട് പ്ലേ ഓഫിലെ അവസാന സ്ഥാനക്കാരെ നിര്‍ണയിക്കുക നാളത്തെ പോരാട്ടങ്ങളായിരിക്കും. ആദ്യ മത്സരത്തില്‍ മുംബൈ ഹൈദരാബാദിനെ തോല്‍പ്പിച്ചാലും അവര്‍ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല. കാരണം നാളെ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ആര്‍.സി.ബി ഗുജറാത്തിനെ തോല്‍പ്പിച്ചാല്‍ നെറ്റ് റണ്‍റേറ്റില്‍ പിന്നിലുള്ള മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവും. ഒപ്പം രാജസ്ഥാന്‍ റോയല്‍സും കൂടെ പുറത്താവും.

നാളെ മുംബൈയും ആര്‍സിബിയും തോറ്റാല്‍ മാത്രമെ രാജസ്ഥാന് പ്രതീക്ഷക്ക് വകയുള്ളൂ. നെറ്റ് റണ്‍ റേറ്റില്‍ നിലവില്‍ മുംബൈയെക്കാള്‍ ബഹുദൂരം മുന്നിലാണ് ആര്‍.സി.ബി. ഹൈദരാബാദിനെ മുംബൈ തോല്‍പ്പിച്ചാല്‍ ആര്‍.സി.ബിക്ക് ഗുജറാത്തിനെ തോല്‍പ്പിക്കാതെ പ്ലേ ഓഫിലെത്താനാവില്ല. എന്നാല്‍ ഹൈദരാബാദിനോട് മുംബൈ തോല്‍ക്കുകയും ആര്‍.സി.ബി അവസാന മത്സരത്തില്‍ അഞ്ച് റണ്‍സില്‍ കുറഞ്ഞ മാര്‍ജിന് ഗുജറാത്തിനോട് തോല്‍ക്കുകയും ചെയ്താലും ആര്‍.സി.ബിക്ക് പ്ലേ ഓഫിലെത്താം. ആദ്യ മത്സരത്തില്‍ മുംബൈ തോല്‍ക്കുകയും രണ്ടാം മത്സരത്തില്‍ ആര്‍.സി.ബിയെ ഗുജറാത്ത് അഞ്ച് റണ്‍സില്‍ കൂടുതല്‍ വിജയ മാര്‍ജിനില്‍ തോല്‍പ്പിക്കുകയും ചെയ്താല്‍ രാജസ്ഥാന്‍ പ്ലേ ഓഫിലെത്തും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *