കോഴിക്കോട്: മര്‍കസ് നിര്‍മിച്ചുനല്‍കുന്ന 111 ഭവനങ്ങള്‍ ഞായറാഴ്ച നടക്കുന്ന ചാരിറ്റി കോണ്‍ഫറന്‍സില്‍ സമര്‍പ്പിക്കും. മത സാമൂഹിക രാഷ്ട്രീയ ജീവകാരുണ്യ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തില്‍ കാരന്തൂര്‍ മര്‍കസില്‍ വെച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഗുണഭോക്താക്കള്‍ക്ക് ഭവനങ്ങള്‍ കൈമാറും. ഹബീബ് ഉമര്‍ ഹഫീള് ചടങ്ങില്‍ സന്നിഹിതനാവും. മദനീയം കൂട്ടായ്മയുടെ സഹകരണത്തോടെയാണ് ഭവനങ്ങളുടെ നിര്‍മാണം മര്‍കസ് പൂര്‍ത്തീകരിച്ചത്.
കോവിഡ് വ്യാപന കാലത്ത് സ്വന്തം വീടുകളില്‍ ഒറ്റപ്പെട്ട മനുഷ്യര്‍ക്ക് ഊര്‍ജമേകുന്നതിനും ഒരുമിപ്പിക്കുന്നതിനും വേണ്ടി അബ്ദുലത്തീഫ് സഖാഫിയുടെ നേതൃത്വത്തില്‍ ആരംഭിച്ച വൈജ്ഞാനിക ഓണ്‍ലൈന്‍ കൂട്ടായ്മയാണ് മദനീയം. ഒരു ലക്ഷത്തിലധികം സ്ഥിരം അംഗങ്ങളുള്ള കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഭവന പദ്ധതി കൂടാതെ പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. മദനീയം കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികത്തിലാണ് സാദാത്ത് ഭവനപദ്ധതി മര്‍കസ് പ്രഖ്യാപിച്ചത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രത്യേക താത്പര്യവും നിര്‍ദേശവുമാണ് ഇത്തരമൊരു പദ്ധതിയുടെ ആരംഭത്തിന് നിമിത്തമാവുന്നത്. കേരള സര്‍ക്കാരിന്റെ ലൈഫ് മിഷന്റെയും കേരള മുസ്ലിം ജമാഅത്തിന്റെയും സുന്നി യുവജന സംഘം സാന്ത്വനത്തിന്റെയും ആഭിമുഖ്യത്തില്‍ ഭവനരഹിതര്‍ക്കായി നടപ്പിലാക്കിവരുന്ന ദാറുല്‍ ഖൈര്‍ ഭവന പദ്ധതിയുടെയും ചുവടുപിടിച്ചാണ് അര്‍ഹരായ കുടുംബങ്ങള്‍ക്കായി വീടുകളൊരുക്കിയത്. 100 വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും അപേക്ഷകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് നിര്‍മിക്കാനുദ്ദേശിച്ച വീടുകളുടെ എണ്ണം 313 ആയി ഉയര്‍ത്തി. ഇതില്‍ ആദ്യഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച 111 വീടുകളുടെ കൈമാറ്റമാണ് ഞായറാഴ്ച നടക്കുക.
അഞ്ഞൂറോളം അപേക്ഷകളില്‍ നിന്നാണ് അര്‍ഹരായ 111 കുടുംബങ്ങളെ കണ്ടെത്തിയത്. അപേക്ഷകരുടെ കുടുംബ, സാമൂഹിക പശ്ചാത്തലത്തെ കുറിച്ച് കൃത്യമായ സര്‍വ്വേ നടത്തിയാണ് അര്‍ഹരെ തിരഞ്ഞെടുത്തത്. 10 ലക്ഷം രൂപ ചെലവില്‍ 650 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് ഓരോ വീടിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചത്. മദനീയം കൂട്ടായ്മയിലൂടെ നിര്‍മാണത്തിനാവശ്യമായ സാമ്പത്തികം സമാഹരിക്കുകയും സംഘടനാ ഘടകങ്ങളുടെ സഹകരണത്തോടെ മര്‍കസ് പദ്ധതി ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു. പദ്ധതിയുടെ ആദ്യഘട്ട സമര്‍പ്പണത്തിലൂടെ കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിലുള്ള ഒട്ടനവധി പേരുടെ സ്വന്തം ഭവനമെന്ന സ്വപ്‌നം നിറവേറും.
ദുരിതബാധിതര്‍, അഭയാര്‍ത്ഥികള്‍, അനാഥര്‍, വിധവകള്‍, കിടപ്പുരോഗികള്‍, അഗതികള്‍ തുടങ്ങി സമൂഹത്തില്‍ പരിഗണനയര്‍ഹിക്കുന്ന രാജ്യമെമ്പാടുമുള്ള 16,937 കുടുംബങ്ങള്‍ക്കാണ് കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ മര്‍കസ് താമസസൗകര്യം ഒരുക്കിയത്. ഇരുനൂറിലധികം കോണ്‍ക്രീറ്റ് വീടുകള്‍, 75 ഒറ്റമുറിവീടുകള്‍, 6000 ടെന്റുകള്‍, 3400 അഭയാര്‍ത്ഥി പുനരധിവാസ പാര്‍പ്പിടങ്ങള്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 4895 ഭവന പൂര്‍ത്തീകരണ സഹായങ്ങള്‍, 2350 ദുരിതബാധിത ഭവന സഹായങ്ങള്‍ ഉള്‍പ്പെടെയാണ് പാര്‍പ്പിട രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുകള്‍ മര്‍കസ് നടത്തിയത്. അനാഥ സംരക്ഷണം, ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മാണം, ഭക്ഷ്യ കിറ്റുകള്‍, കുടിവെള്ള പദ്ധതി, ശൗചാലയങ്ങള്‍, ആരോഗ്യ ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, ഭിന്നശേഷി സഹായം, തൊഴിലുപകരണങ്ങള്‍, വിദ്യാഭ്യാസ സഹായം, തൊഴിലവസരങ്ങള്‍ തുടങ്ങി വിവിധ പദ്ധതികള്‍ മര്‍കസ് സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ രാജ്യത്തെ 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്നുവരുന്നു.
ഞായറാഴ്ച വൈകുന്നേരം നടക്കുന്ന ചാരിറ്റി കോണ്‍ഫറന്‍സ് മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, കര്‍ണാടക എം.എല്‍.എ യു.ടി ഖാദര്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും. എം.കെ രാഘവന്‍ എം.പി, പി.ടി.എ റഹീം എം.എല്‍.എ പങ്കെടുക്കും. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തും.
സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, എം. അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, ഹസ്റത്ത് മുഹമ്മദ് റസ്വി കാവല്‍കട്ടെയ്, ഡോ. ഹുസൈന്‍ സഖാഫി ചുളിക്കോട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സദസ്സിനെ സംബോധന ചെയ്ത് സംസാരിക്കും. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണവും മജീദ് കക്കാട് സ്വാഗത പ്രസംഗവും നടത്തും. ഭവന പദ്ധതിയുടെ ധനസമാഹരണത്തിന് നേതൃത്വം നല്‍കിയ മദനീയം അബ്ദുലത്തീഫ് സഖാഫിയെ ചടങ്ങില്‍ ആദരിക്കും. കെ.കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, സയ്യിദ് അശ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ഹസനുല്‍ അഹ്ദല്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, മജീദ് കക്കാട് സംബന്ധിക്കും. ചാരിറ്റി കോണ്‍ഫറന്‍സിന് ശേഷം നടക്കുന്ന ആത്മീയസംഗമത്തിന് പണ്ഡിതരും സാദാത്തുക്കളും നേതൃത്വം നല്‍കും. ഭവന പദ്ധതി ഗുണഭോക്താക്കളും കേരളത്തിലെയും അയല്‍സംസ്ഥാനങ്ങളിലെയും ആയിരക്കണക്കിന് സ്‌നേഹജനങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം (ചെയര്‍മാന്‍, സ്വാഗത സംഘം & വൈസ് പ്രസിഡന്റ്, മര്‍കസ്), സി. മുഹമ്മദ് ഫൈസി (ഡയറക്ടര്‍ ജനറല്‍, മര്‍കസ്), സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ (വൈസ് ചെയര്‍മാന്‍, സ്വാഗതസംഘം), അബ്ദുലത്തീഫ് സഖാഫി മദനീയം, സി.പി ഉബൈദുല്ല സഖാഫി (സി.ഇ.ഒ, മര്‍കസ് സാമൂഹ്യ ക്ഷേമ മിഷന്‍) പങ്കെടുത്തു.