കൊല്ലം: എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ സേവനങ്ങളുമായി ഐടി മിഷന്‍. അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളുടെ പൂര്‍ണ വിവരങ്ങളും ഐടി മിഷന്‍ അക്ഷയ സ്റ്റാളില്‍ നിന്ന് ലഭിക്കും. സൗജന്യമായി ലഭിക്കുന്ന ആധാര്‍ സേവനങ്ങളാണ് സ്റ്റാളിന്റെ ഏറ്റവും വലിയ ആകര്‍ഷണം. പുതിയ ആധാര്‍, 10 വര്‍ഷം കഴിഞ്ഞ ആധാര്‍പുതുക്കല്‍, ആധാര്‍ ഫോട്ടോ മാറ്റല്‍, തിരുത്തല്‍ എന്നിങ്ങനെ ആധാര്‍ സംബന്ധമായ സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. ആധാര്‍ ബയോമെട്രിക് അപ്ഡേറ്റിങ്, ഡെമോഗ്രാഫിക് അപ്ഡേറ്റിങ്, ആധാര്‍ തിരയലും കാര്‍ഡിന്റെ പ്രിന്റെടുക്കലും, ആധാര്‍ എന്റോള്‍മെന്റ്, കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ്, അഞ്ച് വയസ്സിലും 15 വയസ്സിലും നിര്‍ബന്ധിതമായി നടത്തേണ്ട ബയോമെട്രിക് അപ്ഡേറ്റ് എന്നിവയാണ് നല്‍കുന്ന ആധാര്‍ സേവനങ്ങള്‍.
സാമൂഹിക സുരക്ഷാ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നും പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് സൗജന്യ മസ്റ്ററിങിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. റേഷന്‍ കാര്‍ഡ് എടുക്കല്‍, തിരുത്തല്‍ എന്നീ സേവനങ്ങളും, അതിവേഗ പാന്‍കാര്‍ഡ് സേവനവും സൗജന്യമായി സ്റ്റാളിലൂടെ ലഭിക്കും. കൂടാതെ, വെര്‍ച്വല്‍ റിയാലിറ്റി, രേഖകള്‍ മൊബൈലില്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഡിജിലോക്കര്‍ എന്നിവ പൊതുജനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ പരിചയപ്പെടുത്തി നല്‍കുന്നു. ഐടി മിഷന്റെ വിവിധ പ്രോജക്ടുകളുടെ വിവരങ്ങളും ലഭ്യമാണ്. കൂടാതെ സ്റ്റാളില്‍ കുട്ടികള്‍ക്കായി എല്ലാ ദിവസവും ക്വിസ് മത്സരങ്ങളും ഉണ്ടാകും.