തൂപ്പുകാരിയെ ഇതുവരെ നിയമിച്ചില്ല; രക്ഷിതാക്കള്‍ പ്രക്ഷോഭത്തിലേക്ക്

തൂപ്പുകാരിയെ ഇതുവരെ നിയമിച്ചില്ല; രക്ഷിതാക്കള്‍ പ്രക്ഷോഭത്തിലേക്ക്

കൊടിയത്തൂര്‍: കഴുത്തൂട്ടിപുറായ ഗവ. എല്‍.പി സ്‌കൂളില്‍ ഒരു വര്‍ഷത്തോളമായി ഒഴിഞ്ഞുകിടക്കുന്ന തൂപ്പുകാരി (പി.ടി.സി.എം) തസ്തികയിലേക്ക് നിയമനം നടക്കാത്തതില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി രക്ഷിതാക്കള്‍. പ്രീ- പ്രൈമറി വിഭാഗത്തിലുള്‍പ്പെടെ നൂറിലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ ശുചീകരണ പ്രവൃത്തികള്‍ക്കും കൊച്ചുകുട്ടികളുടെ ആരോഗ്യപരിപാലനത്തിനും ചുമതലക്കാരില്ലാതെയാണ് കഴിഞ്ഞ അക്കാദമിക വര്‍ഷം കടന്നുപോയത്.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പി.ടി.സി.എം നിയമനം നടന്നെങ്കിലും ഈ വിദ്യാലയത്തെ തഴയുകയായിരുന്നു. ഒഴിവുദിനങ്ങളില്‍ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നാണ് അനിവാര്യമായ ശുചീകരണ പ്രവൃത്തികള്‍ ചെയ്തിരുന്നത്. വേനലവധിക്കാലത്ത് ഗ്രാമപഞ്ചായത്ത് അനുവദിച്ച ക്ലാസ് മുറികളുടെ നിര്‍മാണം നടക്കുന്നതിനാല്‍ സ്‌കൂള്‍ പരിസരം പൊടിപടലങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ ശുചീകരണത്തിന് സ്ഥിരം സംവിധാനമില്ലാതെ ഏറെ പ്രയാസപ്പെടുകയാണ് ഈ വിദ്യാലയത്തിലെ അധ്യാപകരും രക്ഷിതാക്കളും. പ്രശ്‌നപരിഹാരത്തിനായി നിരവധി തവണ അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും യാതൊരു ഫലവും ഇതുവരെ ഉണ്ടായിട്ടില്ല.
ഈ ഘട്ടത്തിലാണ് പി.ടി.എ – എസ്.എം.സി – മാതൃസമിതി സംയുക്ത യോഗം ചേര്‍ന്ന് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. ശുചീകരണ ജീവനക്കാരിയുടെ നിയമനം ഉടന്‍ നടക്കാത്തപക്ഷം പ്രവേശനോത്സവ ദിനത്തില്‍ എ.ഇ.ഒ ഓഫിസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള വിവിധ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്.

കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.ടി റിയാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.കെ റാഫി അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ വി.വി നൗഷാദ്, പി.ടി.എ വൈസ് പ്രസിഡന്റ് ശിഹാബ് തൊട്ടിമ്മല്‍, പി.കെ ശിഹാബ്, എ.കെ ഫിര്‍ദൗസ്, കെ. ഷമിന, എ.കെ ഹാരിസ് അഹമ്മദ്, റബീല , സിറാജുന്നീസ, ടി. റസിയ, സബിത അമീന്‍, സി. ശമീര്‍, കെ.എം സാബിറ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ടി.കെ ജുമാന്‍ സ്വാഗതവും സീനിയര്‍ അസി. സി അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *