ലാഹോര്‍: പാകിസ്താന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് ജൂണ്‍ രണ്ടു വരെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ലാഹോര്‍ ഭീകരവിരുദ്ധ കോടതി. ജിന്ന ഹൗസ് ആക്രമിച്ചതുള്‍പ്പെടെ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലാണ് അറസ്റ്റ് ചെയ്യുന്നതില്‍ നിന്നാണ് കോടതി ഇമ്രാന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. അല്‍ഖാദിര്‍ ട്രസ്റ്റ് കേസില്‍ മെയ് ഒന്‍പതിന് ഇമ്രാനെ അറസ്റ്റ് ചെയ്തതിന് തുടര്‍ന്ന് രാജ്യവ്യാപകമായുണ്ടായ കലാപത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകളാണിത്.
പോലിസ് അന്വേഷണവുമായി താന്‍ സഹകരിക്കുമെന്നും വന്‍ സുരക്ഷാ സന്നാഹത്തോടെ കോടതിയിലെത്തിയ ഇമ്രാന്‍ ഖാന്‍ കോടതിയില്‍ പറഞ്ഞു. നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ നിര്‍ദേശപ്രകാരം അര്‍ധസൈന്യമായ റെയ്‌ഞ്ചേഴ്‌സാണ് ഇമ്രാന്‍ ഖാനെ ഇസ്‌ലാമാബാദ് ഹൈക്കോടതി പരിസരത്ത് നിന്ന് മെയ് ഒന്‍പതിന് അറസ്റ്റ് ചെയ്തത്.