തിരുവനന്തപുരം: അരിക്കൊമ്പന്‍ അരിയും ചക്കക്കൊമ്പന്‍ ചക്കയും ചാമ്പുമ്പോള്‍ പിണറായി വിജയന്‍ കേരളത്തെ തന്നെ ചാമ്പുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍, കമ്മീഷന്‍ സര്‍ക്കാരാണെന്നും അദ്ദേഹം വിമര്‍ശിച്ചു. യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പോലിസ് നിഷ്‌ക്രിയമാണ്. ഡോ. വന്ദന കൊലക്കേസും താനൂര്‍ ബോട്ടപകടവും ഇതിന് തെളിവാണ്. ഇതുപോലെ പോലിസ് നിഷ്‌ക്രിയമായ കാലം വേറെയില്ല. ബോട്ട് അപകടത്തിന് ഉത്തരവാദി സര്‍ക്കാര്‍ തന്നെയാണെന്നും കെ.സുധാകരന്‍ ആരോപിച്ചു. അരി ചാമ്പാന്‍ അരിക്കൊമ്പന്‍, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്‍, കേരളത്തെ തന്നെ ചാമ്പാന്‍ ഇരട്ടച്ചങ്കന്‍ എന്നൊരു ട്രോള്‍ കണ്ടു. തമാശയിലാണ് ട്രോള്‍ വന്നതെങ്കില്‍ അത് യാഥാര്‍ഥ്യമല്ലേ എന്നായിരുന്നു സമര വേദിയിലെ സുധാകരന്റെ ചോദ്യം. എല്ലായിപ്പോഴും ഐക്യ ജനാധിപത്യ മുന്നണി സമാധാനത്തിന്റെ പാത സ്വീകരിക്കുമെന്ന് കരുതരുത്. പ്രകോപിതരായ ജനങ്ങള്‍ക്കൊപ്പം അത്തരമൊരു സമരമുഖത്തിന് നേതൃത്വം നല്‍കാനും ഐക്യ ജനാധിപത്യ മുന്നണിക്ക് സാധിക്കുമെന്നും കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.