നാദാപുരം: ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നാദാപുരം, കല്ലാച്ചി ടൗണുകളില്‍ വിവിധ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 118 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. നിരോധിത ഉല്‍പ്പന്നങ്ങളായ ഡിസ്‌പോസബിള്‍ കപ്പുകള്‍, പ്ലേറ്റുകള്‍, സ്‌ട്രോ, പ്ലാസ്റ്റിക് സ്പൂണുകള്‍, ഫോര്‍ക്കുകള്‍, പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. നാദാപുരം, കല്ലാച്ചി ടൗണുകളിലെ ആറ് സ്ഥാപനങ്ങളില്‍ നിന്നാണ് മഹസ്സര്‍ തയ്യാറാക്കി നിരോധിത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഇത്രയും സ്ഥാപനങ്ങള്‍ക്ക് അടുത്ത ദിവസം പിഴ ചുമത്തി നോട്ടീസ് നല്‍കും.
ആറ് സ്ഥാപനങ്ങള്‍ക്കുമായി ആകെ 45,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. പരിശോധനയില്‍ ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ ശശിധരന്‍ നെല്ലോളി, സ്‌ക്വാഡ് അംഗങ്ങളായ രാധാകൃഷ്ണന്‍ കെ.പി (ശുചിത്വ മിഷന്‍), രജനീഷ് എ, നാദാപുരം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.