കണ്ണൂര്‍: രാജ്യത്തെ പ്രമുഖ പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് ബൈജൂസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ പയ്യാമ്പലം ബീച്ച് ശുചീകരിച്ചു. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പ്രകൃതിക്ക് ദോഷകരമാകുന്ന സാഹചര്യത്തില്‍ ആകാശ് ബൈജൂസ് ആരംഭിച്ച ജംഗ് ദ പ്ലാസ്റ്റിക് എന്ന കാംപയിന്റെ ഭാഗമായാണ് പയ്യാമ്പലം ബീച്ചില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തത്. ശുചീകരണ പരിപാടി കണ്ണൂര്‍ മേയര്‍ ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ തെരുവോരങ്ങളും കടലോരങ്ങളും മാലിന്യമുക്തമാക്കുക എന്നത് സാമൂഹികമായ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ആ അവബോധം കുറവാണ് എന്നൊരു പരാതി പൊതുവെ ഉണ്ട്. നാളെ നമ്മള്‍ തന്നെ നടക്കേണ്ട ഇടങ്ങള്‍ ഇന്ന് നമ്മള്‍ വൃത്തികേടാക്കുകയാണ്. ഇന്ന് പൊതുഇടങ്ങളില്‍ വരുന്നവര്‍ തൊട്ടടുത്ത ദിവസം വീണ്ടും വരേണ്ടവരാണ്. നാം സ്വയം ഇതൊക്കെ ശുചീകരിച്ചില്ലെങ്കില്‍ പുതുതലമുറക്ക് നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
നൂറോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ഫാക്കല്‍റ്റി അംഗങ്ങളും ശുചീകരണത്തില്‍ പങ്കാളികളായി. ആകാശ് ബൈജൂസിലെ വിദ്യാര്‍ഥികളെ ഭാവിയിലെ നല്ല പൗരന്‍മാരായി വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികള്‍ നടത്തുന്നതെന്നും മാലിന്യമുക്ത കണ്ണൂരിനായി മുന്നിലുണ്ടാകുമെന്നും ആകാശ് ബൈജൂസ് റീജിനല്‍ ഡയറക്ടര്‍ ധീരജ് കുമാര്‍ മിശ്ര പറഞ്ഞു. ആകാശ് ബൈജൂസ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ അരുണ്‍ സോണി, ഡെപ്യൂട്ടി ഡയരക്റ്റര്‍ സഞ്ജയ് ശര്‍മ എന്നിവര്‍ നേതൃത്വം നല്‍കി.