- ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിനങ്ങളില്‍ 2°C മുതല്‍ 4°C വരെ ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. അതിനാല്‍ ഒന്‍പത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യവും, മോക്കാ ചുഴലിക്കാറ്റിന് ശേഷമുള്ള അന്തരീക്ഷവുമാണ് കേരളത്തിലും ചൂട് ഉയരാന്‍ കാരണം.
കൊല്ലം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ താപനില 37°C വരെയും കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ 36°C വരെയും, മലപ്പുറം ജില്ലയില്‍ 35°C ഇവരെയും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.
ഇന്നലേയും ഉയര്‍ന്ന താപനിലയായിരുന്നു സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. എട്ട് ജില്ലകളില്‍ കഴിഞ്ഞ ദിവസം ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, കേരളത്തില്‍ ഇത്തവണ കാലവര്‍ഷം തുടക്കത്തില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍, ജൂലൈ മാസത്തില്‍ മഴ കൂടുമെന്നാണ് വിവിധ കാലാവസ്ഥ ഏജന്‍സികളുടെ നിഗമനം. ജൂണ്‍ ആദ്യ ആഴ്ചയില്‍ തന്നെ കാലവര്‍ഷം എത്തുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
കഴിഞ്ഞ വര്‍ഷം മെയ് 27 ന് കാലവര്‍ഷം കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇത്തവണ സാഹചര്യം മാറും. ജൂണ്‍ 4 ന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സ്വകാര്യ ഏജന്‍സിയായ സ്‌കൈമെറ്റ് ജൂണ്‍ 7 നാണ് പ്രചിക്കുന്നത്. രണ്ട് സ്വകാര്യ ഏജന്‍സികള്‍ ജൂണ്‍ 3 ന് മണ്‍സൂണ്‍ എത്തുമെന്നും പ്രവചിക്കുന്നു.