ഏറ്റവുമധികം ബംഗാളില്‍, കേരളത്തില്‍ റദ്ദാക്കിയത് 9,606 സിമ്മുകള്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു വര്‍ഷം കൊണ്ട് റദ്ദാക്കിയത് 36.61 ലക്ഷം വ്യാജ സിം കാര്‍ഡുകള്‍. ബംഗാളില്‍ മാത്രം 12.34 ലക്ഷം സിം കാര്‍ഡുകള്‍ റദ്ദാക്കി. കേരളത്തില്‍ ഏതാണ്ട് ഒമ്പത്തിനായിരത്തോളം വ്യാജ സിം കാര്‍ഡുകള്‍ റദ്ദാക്കിയിട്ടുണ്ട്. സൈബര്‍ തട്ടിപ്പുകള്‍ക്ക് വേണ്ടിയാണ് വ്യാപകമായി ഇത്തരം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത്. കേന്ദ്ര ടെലികോം വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമായ ‘അസ്ത്ര് ‘ (ASTR) ഉപയോഗിച്ചാണ് മുപ്പത്തിയാറര ലക്ഷം സിം കാര്‍ഡുകള്‍ രാജ്യത്ത് റദ്ദാക്കിയത്.
കേരളത്തില്‍ മാത്രം 3.56 കോടി സിംകാര്‍ഡുകള്‍ അസ്ത്ര് വഴി പരിശോധിച്ചു. ഇതില്‍ 11,642 സിം കാര്‍ഡുകള്‍ മാത്രമാണ് സംശയാസ്പദം എന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതില്‍ നിന്നാണ് പരിശോധനയ്ക്ക് ശേഷം 9,606 എണ്ണം റദ്ദാക്കിയത്. 87 കോടി സിംകാര്‍ഡുകളുടെ വിവരങ്ങള്‍ ആണ് അസ്ത്ര് വഴി ടെലികോം ഡിപ്പാര്‍ട്ട്മെന്റ് പരിശോധിച്ചത്. വ്യാജ സിം കാര്‍ഡ് വിറ്റ ഏഴ് സ്ഥാപനങ്ങളെ (പോയിന്റ് ഓഫ് സെയില്‍) കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബംഗാള്‍ (12.34 ലക്ഷം) ആണ് വ്യാജ സിം കാര്‍ഡില്‍ മുന്നില്‍. ഹരിയാന (5.24 ലക്ഷം), ബിഹാര്‍, ജാര്‍ഖണ്ഡ് (3.27 ലക്ഷം), മധ്യപ്രദേശ് (2.28 ലക്ഷം), യു.പി (2.04 ലക്ഷം), ഗുജറാത്ത് (1.29 ലക്ഷം) തുടങ്ങിയവയാണ് തൊട്ടുപിന്നില്‍.
സിം കാര്‍ഡ് എടുക്കാനായി ഉപഭോക്താക്കള്‍ ടെലികോം കമ്പനികള്‍ക്ക് നല്‍കുന്ന വിവരങ്ങള്‍ അസ്ത്ര് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ച് വേര്‍തിരിക്കും. ഇതില്‍ സാമ്യമുള്ളവരെ ഒരുമിച്ച് ലിസ്റ്റ് ചെയ്യും മുഖങ്ങള്‍ തമ്മില്‍ കുറഞ്ഞ് 97.5 ശതമാനം സാമ്യം ഉണ്ടോ എന്ന് പരിശോധിക്കും. ഒരു കോടി ചിത്രങ്ങള്‍ എടുത്താല്‍ പത്ത് സെക്കന്റ് കൊണ്ടാണ് അതില്‍ സാമ്യമുള്ള ചിത്രങ്ങള്‍ എത്രയുണ്ടെന്ന് അസ്ത്ര് കണ്ടെത്തുക. ഇതിനൊപ്പം കെ.വൈ.സി രേഖകളും ഒത്ത് നോക്കി ഒരേ ആളുകള്‍ എടുത്ത സിംകാര്‍ഡ് കണ്ടെത്തും. പേരുകളും വിവരങ്ങളും പലപ്പോഴും വ്യത്യസ്തമായിരിക്കും. അതീവ സൂക്ഷ്മമായ പരിശോധനയില്‍ മാത്രമേ വ്യാജ സിംകാര്‍ഡുകള്‍ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. ഇത്തരം ഈ നമ്പറുകളിലുള്ള അക്കൗണ്ട് നീക്കം ചെയ്യാന്‍ വാട്സ് ആപും സമ്മതിച്ചിട്ടുണ്ട്.