തലശ്ശേരി: കേളകം ബീവറേജസ് ഔട്ട്‌ലെറ്റിനു മുന്‍വശത്ത് വെച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ടജീവപര്യന്തവും മൂന്നുലക്ഷം രൂപ പിഴയും വിധിച്ചു. ശാന്തിഗിരി സ്വദേശിയും കേളകത്തെ താമസക്കാരനുമായ ടി.എം ഷൈജുവിനെ (41) ആണ് തലശ്ശേരി മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് റൂബി കെ.ജോസ് ശിക്ഷിച്ചത്. കണിച്ചാറിലെ വരമ്പക്കുനിയില്‍ സത്യനെ (43) ആണ് കുത്തിക്കൊലപ്പെടുത്തിയത്. ഈസമയം കൂടെയുണ്ടായിരുന്ന കേളകത്തെ പിടക്കപ്പൊയില്‍ എല്‍ദോവിനും (45) ആക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു.
മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജസജ് റൂബി.കെ.ജോസാണ് വിധി പ്രഖ്യാപിച്ചത്. രണ്ടാം അഡീഷണല്‍ ജില്ലാ കോടതി മുമ്പാകെ വിചാരണ ആരംഭിച്ച കേസ് പ്രതിഭാഗത്തിന്റെ ഹര്‍ജിയെ തുടര്‍ന്ന് മൂന്നാം അഡീഷണല്‍ ജില്ലാ കോടതി മുമ്പാകെ മാറ്റിയത്. 2010 ഡിസംമ്പര്‍ 24 ന് ഉച്ചക്ക് ഒന്നരയോടെ കേളകത്തെ ബീവറേജ് മദ്യ വില്‍പ്പനശാലക്ക് മുന്നില്‍ വെച്ചാണ് സംഭവം. മദ്യം വാങ്ങാനായി എത്തിയ കണിച്ചാറിലെ വരമ്പക്കുനിയില്‍ സത്യന്‍ (43) കുത്തേറ്റ് മരിക്കുകയും സംഭവസ്ഥലത്തുണ്ടായ കേളകത്തെ പിടക്കപ്പൊയില്‍ എല്‍ദോ (46) വിന് കുത്തേറ്റ് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്നുമാണ് കേസ്.
അന്നത്തെ കേളകം എസ്.ഐ ശിവദാസിന്റെ പരാതി പ്രകാരമാണ് പോലിസ് പ്രാഥമിക വിവരം രേഖപ്പെടുത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള, ഡോ.ചന്ദ്രശേഖരന്‍, ഡോ.സൗമ്യ നമ്പ്യാര്‍, ഡോ.അജയകുമാര്‍, കെ.എസ്.ഇ.ബി.ഓവര്‍സിയര്‍ ആയിരുന്ന കെ.പ്രകാശന്‍, പോലിസ് ഓഫീസര്‍മാരായ അഗസ്ത്യന്‍ ജോണ്‍, കെ.ആന്റണി ,പ്രകാശന്‍ പടന്നയില്‍, ജോഷി ജോസഫ്, സി. ചന്ദ്രന്‍ തുടങ്ങി 28 പേരാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ.കെ.പി. ബിനിഷയും, പിന്നീട് അഡീഷണല്‍ ജില്ലാ ഗവ: പ്ലീഡറായി ചുമതലയേറ്റ അഡ്വ.കെ.രൂപേഷുമാണ് ഹാജരായത്.