പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ലഖ്‌നൗ

പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ലഖ്‌നൗ

മുംബൈയെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തി

ലഖ്‌നൗ: മുംബൈയെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫിലേക്ക് ഒരു പടികൂടി കയറി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. പോയിന്റ് ടേബിളില്‍ 15 പോയിന്റോടു കൂടി മൂന്നാമതെത്താനും അവര്‍ക്ക് സാധിച്ചു. ടോസ്‌നേടി ബൗളിങ് തിരഞ്ഞെടുത്ത മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരിയെന്ന് വയ്ക്കുന്ന രീതിയിലായിരുന്നു ലഖ്‌നൗവിന്റെ തുടക്കം. 35 റണ്‍സെടുക്കുന്നതിനിടെ ആദ്യ മൂന്ന് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. ഒരു കൂട്ടത്തകര്‍ച്ച മുന്നില്‍ കണ്ടെങ്കിലും നാലാം വിക്കറ്റില്‍ ഒരുമിച്ച ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യയും മാര്‍ക്കസ് സ്റ്റോയിനിസും ലഖ്‌നൗവിന്റെ പ്രതിക്ഷകള്‍ കാത്തു. ആക്രമിച്ച് കളിച്ച സ്റ്റോയിനിസിന് വിക്കറ്റ് കളയാതെ മികച്ച പിന്തുണയാണ് ക്രുനാല്‍ നല്‍കിയത്. 17ാം ഓവറില്‍ സ്‌കോര്‍ 117ല്‍ നില്‍ക്കെ 42 പന്തില്‍ 49 റണ്‍സെടുത്ത ക്രുനാല്‍ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയെങ്കിലും. സ്റ്റോയിനിസ് കത്തിക്കയറി. അവസാന നാലോവറില്‍ 60 റണ്‍സാണ് ലഖ്‌നൗ നേടിയത്. 47 പന്തില്‍ എട്ട് സിക്‌സിന്റേയും നാല് ഫോറിന്റേയും അകമ്പടിയോടു കൂടി 47 പന്തില്‍ പുറത്താകാതെ 89 റണ്‍സാണ് സ്റ്റോയിനിസിന്റെ സമ്പാദ്യം. നിക്കോളസ് പൂരന്‍ പുറത്താകാതെ എട്ട് പന്തില്‍ എട്ട് റണ്‍സ് നേടി. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് ലഖ്‌നൗ നേടിയത്. മുംബൈക്ക് വേണ്ടി ജേസന്‍ ബെഹ്‌റെന്‍ഡ്രേഫ് രണ്ട് വിക്കറ്റുകളും പീയുഷ് ചൗള ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങില്‍ സ്വപ്‌ന തുല്യമായ തുടക്കമാണ് മുംബൈക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 90 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 37 റണ്‍സെടുത്ത രോഹിത്തിനേയും 59 റണ്‍സ് നേടിയ ഇഷാന്‍ കിഷനേയും പുറത്താക്കിക്കൊണ്ട് രവി ബിഷ്‌ണോയി ലഖ്‌നൗവിന് ബ്രേക്ക് ത്രൂ നല്‍കി. കഴിഞ്ഞ മത്സരത്തിലെ ഹീറോ സൂര്യ കുമാര്‍ യാദവിന് ഏഴ് റണ്‍സ് മാത്രമേ നേടാനായുള്ളൂ. യാഷ് താക്കൂറിനാണ് സൂര്യയുടെ വിക്കറ്റ്. 16 റണ്‍സുമായി നെഹല്‍ വധേരയും രണ്ടും റണ്‍സുമായി വിഷ്ണു വിനോദും തിരിച്ചു കയറി. എന്നാല്‍ ടിം ഡേവ് മുംബൈക്ക് പ്രതീക്ഷ നല്‍കി. 19 പന്തില്‍ 32 റണ്‍സ് നേടിയ ടിം കളി വിജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും ആറ് റണ്‍സകലെ വിജയം അകന്നു. മൊഹസിന്‍ ഖാന്‍ എറിഞ്ഞ അവാസാന ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ 11 റണ്‍സ് വേണമായിരുന്നു. എന്നാല്‍ അഞ്ച് റണ്‍സ് മാത്രമേ അവര്‍ക്ക് നേടാനായുള്ളൂ. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് മുംബൈ നേടിയത്. ലഖ്‌നൗവിന് വേണ്ടി രവി ബിഷ്‌ണോയിയും യാഷ് താക്കൂറും രണ്ട് വിക്കറ്റുകള്‍ വീതവും മൊഹ്‌സിന്‍ ഖാന്‍ ഒരു വിക്കറ്റും നേടി. മാര്‍ക്കസ് സ്‌റ്റോയിനിസാണ് കളിയിലെ താരം.

Share

Leave a Reply

Your email address will not be published. Required fields are marked *