കോഴിക്കോട്: പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകനായ പി.എച്ച് താഹക്ക് പ്രവാസി സംഘം മേരിക്കുന്ന് ഏര്‍പ്പെടുത്തിയ പ്രവാസി പുരസ്‌കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 15,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം 21ന്(ഞായര്‍) രണ്ട് മണിക്ക് ജെ.ഡി.ടി ഇസ്ലാം പോളിടെക്‌നിക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഘടനയുടെ കുടുംബ സംഗമത്തില്‍ വച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ സമ്മാനിക്കും.
പശ്ചിമഘട്ട പുഴ സംരക്ഷണ സമിതി, സേവ് പൂനൂര്‍ പുഴ ഫോറം തടുങ്ങിയ സംഘടനകളിലൂടെ പരിസ്ഥിതിക്കായി ശക്തമായി പ്രവര്‍ത്തിച്ച വ്യക്തിത്വവും ജീവകാരുണ്യ രംഗത്തും ചേവായൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ റസിഡന്‍സ് അസോസിയേഷനുകളുടെ സംയുക്ത കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലും സജീവമാണ് പി.എച്ച് താഹ. 2004 മുതല്‍ വെള്ളിമാട്കുന്ന് മേരിക്കുന്ന് പ്രദേശത്ത് ആരംഭിച്ച പ്രവാസിസംഘം മേരിക്കുന്ന്, പ്രവാസികളുടെ അവകാശ സംരക്ഷണത്തിനും ജീവകാരുണ്യമേഖലയിലും ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങളിലും സജീവമാണെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സജി കെ.മാത്യു (ജനറല്‍ സെക്രട്ടറി), ഷബീര്‍ പറക്കുളം (ട്രഷറര്‍), ഗണേഷ് ഉള്ളൂര്‍ (സ്വാഗതസംഘം പ്രസിഡന്റ്), സി.പ്രദീപ്കുമാര്‍ (സ്വാഗതസംഘം കണ്‍വീനര്‍) എന്നിവര്‍ പങ്കെടുത്തു.