വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യം
പാലക്കാട്: കെ.എസ്.ഇ.ബി നഷ്ടത്തിലായതിനാല്‍ കേരളത്തില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും എന്നാല്‍, സാധാരണ ജനങ്ങള്‍ക്ക് ഇരുട്ടടിയാകുന്ന നിരക്ക് വര്‍ധന ഉണ്ടാകില്ലെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.
വൈദ്യുതി നിരക്ക് കൂട്ടാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. റെഗുലേറ്ററി കമ്മീഷന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. യൂണിറ്റിന് 25 പൈസ മുതല്‍ 80 പൈസ വരെ കൂടിയേക്കും .ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരാന്‍ സാധ്യതയുണ്ട്.
അഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ദ്ധനക്കാണ് കെ.എസ്.ഇ.ബി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്. നാല് മേഖലകളായി തിരിച്ച് വിശദമായ തെളിവെടുപ്പ് നടത്തി. കൂടുതല്‍ വിവരശേഖരണത്തിന്റെ ആവശ്യം വരുന്നില്ലെന്ന് കമ്മീഷന് വിലയിരുത്തിയതോടെയാണ് നിരക്ക് വര്‍ദ്ധനക്ക് കളമൊരുങ്ങുന്നത്. ഏപ്രില്‍ ഒന്നിനായിരുന്നു പുതിയ നിരക്കുകള്‍ നിലവില്‍ വരേണ്ടത്. നടപടി ക്രമങ്ങളിലുണ്ടായ കാലതാമസം കാരണം പഴയ താരിഫ് ജൂണ്‍ 30 വരെ തുടരാന്‍ റെഗുലേറ്ററി കമ്മീഷന് അനുമതി നല്‍കുകയായിരുന്നു.