സ്വപ്‌ന പദ്ധതികളുടെ സാക്ഷാത്ക്കാരത്തിനായി വികസന വേദി പ്രക്ഷോഭത്തിലേക്ക്

സ്വപ്‌ന പദ്ധതികളുടെ സാക്ഷാത്ക്കാരത്തിനായി വികസന വേദി പ്രക്ഷോഭത്തിലേക്ക്

തലശ്ശേരി: പൈതൃക നഗരമായ തലശ്ശേരിയുടെ ചിരകാല റെയില്‍വേ മോഹങ്ങള്‍ ഉള്‍പ്പെടെ, സമഗ്ര വികസനം ലക്ഷ്യമിട്ട് തലശ്ശേരി വികസന സമിതി ഒടുവില്‍ പ്രത്യക്ഷ സമരത്തിലേക്ക്. നിര്‍ദ്ദിഷ്ട തലശ്ശേരി-മൈസൂര്‍ റെയില്‍പ്പാത നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുക, ‘വന്ദേ ഭാരത് ‘, ‘അന്ത്യോദയ’ ഉള്‍പ്പെടെ, തലശ്ശേരിയില്‍ നിലവില്‍ സ്റ്റോപ്പ് ഇല്ലാത്ത ഇരുപത് ട്രെയിനുകള്‍ നിര്‍ത്തുന്നതിന് സാഹചര്യമൊരുക്കുവാനും, അതിനായി നിലവിലുള്ള ലൂപ് – ലൈന്‍ സംവിധാനം ഉടന്‍ മാറ്റണമെന്നുമാണ് ആവശ്യങ്ങളുയര്‍ന്നിട്ടുള്ളത്.
വന്ദേ ഭാരത്, അന്ത്യോദയ ഉള്‍പ്പെടെ 20 ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് ഇല്ലാതിരുന്നിട്ട് കൂടി, വാര്‍ഷിക വരുമാനത്തില്‍ ദക്ഷിണേന്ത്യയില്‍ 35ാം സ്ഥാനത്താണ് തലശ്ശേരി റെയില്‍വേസ്റ്റേഷന്‍. കേരളത്തിലെ ആദ്യകാല മുനിസിപ്പല്‍ നഗരമായ തലശ്ശേരിയെ കോര്‍പ്പറേഷനാക്കി ഉയര്‍ത്തണമെന്നും വ്യാപകമായി ആവശ്യമുയര്‍ന്നിട്ടുണ്ട്. 101 വര്‍ഷങ്ങള്‍ക്ക് മുമ്പ് തലശ്ശേരി ജില്ലയായിരുന്നു.1922ല്‍ അന്നത്തെ ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഭാഷാ അടിസ്ഥാനത്തില്‍ ചില സംസ്ഥാനങ്ങളും ജില്ലകളും രൂപീകരിച്ചിരുന്നപ്പോള്‍, കേരളത്തില്‍ അഞ്ച് ജില്ലകളാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂര്‍, കൊച്ചി, പാലക്കാട്, കോഴിക്കോട്, തലശ്ശേരി എന്നിവയായിരുന്നു ആ ജില്ലകള്‍. ‘കേരളവും സ്വാതന്ത്ര്യ സമരവും’ എന്ന പുസ്തക
ത്തില്‍ ഇത് പ്രതിപാദിക്കുന്നുമുണ്ട്. തലശ്ശേരിയെ ജില്ലാ പദവിയിലേക്ക് തിരികെ കൊണ്ടുവരണമെന്നും, പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരിക്കുകയാണ്. ഇത്തരം അതിപ്രധാന കാര്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രത്യക്ഷ സമരത്തിലേക്ക് വികസനകാംക്ഷികള്‍ നീങ്ങുന്നതെന്ന് വികസന വേദി വര്‍ക്കിങ് ചെയര്‍മാന്‍ കെ.വി. ഗോകുല്‍ദാസ് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *