തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള വായ്പ തുക നിശ്ചയിച്ച് നല്‍കാതെ കേന്ദ്രം. ഇതോടെ ക്ഷേമ പെന്‍ഷന്‍ മുതല്‍ ശമ്പള പെന്‍ഷന്‍ കുടിശ്ശിക വിതരണം വരെയുള്ള കാര്യങ്ങളില്‍ ആശങ്കയിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതോടെ കഴിഞ്ഞ വര്‍ഷത്തെ പോലെ തുക വെട്ടിക്കുറയ്ക്കുമോ എന്ന ആശങ്കയിലാണ് ധനവകുപ്പ്. കിഫ്ബി പദ്ധതിയും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കമ്പനിയും എടുത്ത 14312 കോടി കേരളത്തിന്റെ വായ്പ പരിധിയില്‍ നിന്ന് വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനം അന്ന് വലിയ തിരിച്ചടിയുമായിരുന്നു. മൂന്ന് മാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശ്ശികയാണ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക 2,800 കോടിയും ക്ഷാമബത്ത കുടിശിക 1,400 കോടിയും കൊടുത്തു തീര്‍ക്കാനുള്ളതില്‍ രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷം നല്‍കുമെന്ന ധനമന്ത്രിയുടെ വാഗ്ദാനവും നിലവിലുണ്ട്.
ഈ ഘട്ടത്തില്‍ വായ്പ പരിധി വെട്ടിക്കുറയ്ക്കുന്ന തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ അത് വലിയ തിരിച്ചടിയാകും. ചെലവുകുറയ്ക്കലടക്കം നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിലൂടെ വലിയ ബാധ്യതകളില്‍ നിന്ന് കേരളം മെല്ലെ കരകയറുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഒരു വശത്ത് നികുതി പരിഷ്‌കരണം അടക്കം സാമ്പത്തിക സമാഹരണ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമ്പോഴാണ് അര്‍ഹതയുള്ള വായ്പ തുകയില്‍ കേന്ദ്ര ഇടപെടലുണ്ടാക്കുന്ന ആശങ്ക.
ഓരോ സംസ്ഥാനത്തിനും അതാത് സാമ്പത്തിക വര്‍ഷം എടുക്കാവുന്ന വായ്പ പരിധി നിര്‍ണയിച്ച് നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാനം ആവശ്യപ്പെടുന്ന മുറയ്ക്ക് വായ്പ തുക കേന്ദ്രം അംഗീകരിച്ച് നല്‍കണം. ഡിസംബര്‍ വരെയുള്ള 9 മാസത്തേക്കുള്ള വായ്പ തുകക്ക് അനുമതി ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും കേന്ദ്ര തീരുമാനം അറിയിച്ചിട്ടില്ല. കേരളത്തിന് നടപ്പ് സാമ്പത്തിക വര്‍ഷം കേരളത്തിന് 32,440 കോടി രൂപയാണ് കണക്കാക്കിയത്.