ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കില്‍ താന്‍ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലാണ് ഡി.കെ ശിവകുമാര്‍. ടേം വ്യവസ്ഥയടക്കം ഹൈക്കമാന്‍ഡ് മുന്നോട്ട് വച്ച് നിര്‍ദേശങ്ങള്‍ ഡി.കെ തള്ളിയതോടെ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം നീളും. സിദ്ധരാമയ്യ ജനകീയനായതിനാല്‍ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന ദേശീയ നേതാക്കളുടെ നീക്കത്തെ ശക്തമായി ഡി.കെ എതിര്‍ക്കുന്നു. സിദ്ധരാമയ്യ ജനകീയനാണെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഹൈക്കമാന്‍ഡ് നേതൃത്വത്തിന് മുന്നില്‍ ഡി.കെ ഉയര്‍ത്തുന്നത്.
പ്രായം 76 കഴിഞ്ഞ അദ്ദേഹം പുതിയ ആളുകളുടെ വഴിമുടക്കരുതെന്നും സിദ്ധരാമയ്ക്ക് നേരത്തെ അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഭരിക്കാന്‍ അവസരം ലഭിച്ചതാണ്. അധികാരത്തിലുള്ളപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും പാര്‍ട്ടി താല്‍പര്യങ്ങളേക്കാള്‍ വ്യക്തി താല്‍പര്യങ്ങള്‍ക്കാണ് സിദ്ധരാമയ്യ മുന്‍തൂക്കം നല്‍കിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 2018ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ലെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ക്ക് മുന്നില്‍ ഡി.കെ തുറന്നടിക്കുന്നു.
ഉപമുഖ്യമന്ത്രി പദത്തിനും പ്രധാന വകുപ്പുകള്‍ക്കും പുറമെ ശിവകുമാര്‍ നിര്‍ദേശിക്കുന്ന മൂന്ന് പേരെ മന്ത്രി സഭയിലുള്‍പ്പെടുത്താമെന്ന വാഗ്ദാനവുമാണ് നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. രാഹുല്‍ ഗാന്ധി കൂടി പങ്കെടുത്ത യോഗത്തിലാണ് ഈ നിര്‍ദേശങ്ങള്‍ ഉയര്‍ന്നത്. അതേ സമയം, സിദ്ധരാമയ്യയും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ഭൂരിപക്ഷ എം.എല്‍.എമാരുടെ പിന്തുണ തനിക്കുണ്ടെന്നും ഭൂരിപക്ഷ പിന്തുണ പരിഗണിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തണമെന്നുമാണ് സിദ്ധരാമയ്യ ആവശ്യപ്പെടുന്നത്. പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ പാര്‍ട്ടിക്കൊപ്പം നിന്നത് താന്‍ മൂലമെന്നാണ് സിദ്ധരാമയ്യയുടെ അവകാശവാദം. അനുനയ നീക്കങ്ങളുമായി ഹൈക്കമാന്‍ഡ് ഡല്‍ഹിയിലുള്ള നേതാക്കളുമായി ചര്‍ച്ച തുടരും.