‘ഗില്ലാട്ടം’

‘ഗില്ലാട്ടം’

ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറി മികവില്‍ ഗുജറാത്ത് പ്ലേ ഓഫിലേക്ക്

അഹമ്മദാബാദ്: ഇന്ത്യന്‍ ടീമിന്റെ ഭാവി ഓപ്പണിങ് ബാറ്റിങ് തന്നില്‍ സുഭദ്രമാണെന്ന് തെളിയിക്കുന്നതായിരുന്ന കഴിഞ്ഞ മത്സരത്തിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ശുഭ്മാന്‍ ഗില്ലിന്റെ മിന്നും പ്രകടനം. ഗില്ലിന്റെ ആദ്യ ഐ.പി.എല്‍ സെഞ്ചുറിയുടെ മികവില്‍ 188 റണ്‍സ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് സണ്‍റൈസേഴ്‌സിനെ 34 റണ്‍സിന് പരാജയപ്പെടുത്തി. ഈ സീസണിലൂടനീളം മികച്ച പ്രകടനം കാഴ്ച വച്ചുക്കൊണ്ടിരിക്കുന്ന ഗില്ലിന്റെ ക്ലാസിക്ക് ഇന്നിങ്‌സിനായിരുന്ന നരേന്ദ്രമോദി സ്‌റ്റേഡിയം സാക്ഷ്യം വഹിക്കച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്തിന് അക്കൗണ്ട് തുറക്കും മുന്നേ സാഹയെ നഷ്ടമായി. ഭുവനേശ്വര്‍ കുമാറിനായിരുന്നു വിക്കറ്റ്. എന്നാല്‍ രണ്ടാമനായി ക്രീസിലെത്തിയയ സായ് സുദര്‍ശ(47)നെ കൂട്ടുപ്പിടിച്ച ഗില്‍ ഗുജറാത്തിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഗില്ലും സായ്‌സുദര്‍ശനുമൊഴികെ മറ്റാര്‍ക്കും ഗുജറാത്ത് നിരയില്‍ രണ്ടക്കം കടക്കാനായില്ല. രണ്ടാം വിക്കറ്റില്‍ ഇരുവരും 147 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 13 ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടെ 58 പന്തില്‍ 101 റണ്‍സി നേടിയാണ് ഗില്‍ മടങ്ങിയത്. അപ്പോഴേക്കും ഗുജറാത്ത് മികച്ച ടോട്ടലില്‍ എത്തിയിരുന്നു.

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി സെഞ്ചുറി നേടുന്ന ആദ്യ താരമാണ് ശുഭ്മാന്‍ ഗില്‍. ഫ്രാഞ്ചൈസിയുടെ അരങ്ങേറ്റ സീസണായിരുന്ന 2022ല്‍ ടൈറ്റന്‍സിന്റെ ഒരു ബാറ്ററും മൂന്നക്കം കണ്ടിരുന്നില്ല. ഐ.പി.എല്ലില്‍ ടൈറ്റന്‍സിന്റെ ഇതുവരെയുള്ള ടോപ് സ്‌കോററും ഗില്ലാണ്. ഈ വര്‍ഷം ഐ.പി.എല്ലിന് പുറമെ ടെസ്റ്റിലും ഏകദിനത്തിലും രാജ്യാന്തര ട്വന്റി 20യിലും സെഞ്ചുറിയുള്ള താരമാണ് ഗില്‍. ഇവയില്‍ മൂന്ന് ശതകങ്ങള്‍(ട്വന്റി 20, ടെസ്റ്റ്, ഐ.പി.എല്‍) അഹമ്മദാബാദിലായിരുന്നു. ഗില്ലിന്റെ സെഞ്ചുറി പ്രകടനത്തോടൊപ്പം തന്നെ എടുത്തുവയ്ക്കാവുന്ന പ്രകടനമായിരുന്നു ഭുവനേശ്വര്‍ കുമാറിന്റേതും നാലോവറില്‍ 30 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് ഭുവനേശ്വര്‍ കുമാര്‍ വീഴ്ത്തിയത്. ഗില്ലിന്റെ വിക്കറ്റുള്‍പ്പെടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വറിന്റെ അവസാന ഓവറില്‍ ഒരു റണ്ണൗട്ട് കൂടി ഉണ്ടായിരുന്നു.

നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് ഗുജറാത്ത് നേടിയത്. മറുപടി ബാറ്റിങ്ങില്‍ സണ്‍റൈസേഴ്‌സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 64 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസനൊഴികെ മറ്റാര്‍ക്കും ഹൈദരാബാദ് നിരയില്‍ തിളങ്ങാനായില്ല. ഗുജറാത്തിനായി മുഹമ്മദ് ഷമി, മോഹിത് ശര്‍മ എന്നിവര്‍ നാല് വിക്കറ്റ് വീതവും യാഷ് ദയാല്‍ ഒരു വിക്കറ്റും നേടി. ശുഭ്മാന്‍ ഗില്ലാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ജയത്തോടു കൂടി പ്ലേ ഓഫ് പ്രവേശനം ഉറപ്പാക്കാനും ഗുജറാത്തിന് സാധിച്ചു. 13 മത്സരങ്ങളില്‍ നിന്ന് 18 വപോയിന്റാണ് ഗുജറാത്തിനുള്ളത്. പോയിന്റ് ടേബിളില്‍ മുമ്പിലും ഗുജറാത്ത് തന്നെയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *