ബംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യയാണോ അതോ ഡി.കെ ശിവകുമാറാണോ അടുത്ത മുഖ്യമന്ത്രി എന്ന ചോദ്യത്തിന് തീരുമാനമായില്ലെന്ന് രണ്‍ദീപ് സിങ് സുര്‍ജേവാല. ചര്‍ച്ചകള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി പദത്തില്‍ തീരുമാനമായാല്‍ ഇക്കാര്യം അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, കര്‍ണാടകയില്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും പ്രതിനിധികളും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ചര്‍ച്ച നടത്തുകയാണ്. രാഹുല്‍ ഗാന്ധിയെ ഇരുവരും പ്രത്യേകമായി കാണുകയും ചെയ്തു.
ടേം നിലയിലായിരിക്കും തര്‍ക്കത്തിന് പരിഹാരമെന്നും ആദ്യ ടേമില്‍ സിദ്ധരാമയ്യയും രണ്ടാം ടേമില്‍ ശിവകുമാറും ആയിരിക്കും മുഖ്യമന്ത്രി പദം അലങ്കരിക്കുക എന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയെ തീരുമാനിച്ചു കഴിഞ്ഞുവെന്നും മന്ത്രിസഭ ഇന്നു തന്നെ അധികാരമേല്‍ക്കുമെന്നുമുള്ള വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. ഇപ്പോള്‍ പ്രചരിക്കുന്ന തീയതികളില്‍ അടക്കം സത്യമില്ല. ഇത്തരം പ്രചരണങ്ങള്‍ ബി.ജെ.പിയാണ് നടത്തുന്നത്. പ്രഖ്യാപനം വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.