സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള ബ്രൂസെല്ല പ്രതിരോധ കുത്തിവയ്പ്പ് യജ്ഞം പുരോഗമിക്കുന്നു. നാല് മാസത്തിനും എട്ട് മാസത്തിനും ഇടയിലുള്ള എല്ലാ പശുക്കുട്ടികള്ക്കും എരുമക്കുട്ടികള്‍ക്കുമുള്ള ബ്രൂസെല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ്പ് മെയ് 15 മുതല്‍ 19 വരെയുള്ള അഞ്ച് ദിവസങ്ങളില്‍ എല്ലാ മൃഗാശുപത്രികള്‍ ,വെറ്ററിനറി സബ് സെന്ററുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, പാല് സൊസൈറ്റികള്‍ എന്നിവയുടെ പരിസരങ്ങളിലും ഭവനസന്ദര്‍ശനം വഴിയും സൗജന്യമായി ലഭിക്കും. ബ്രൂസെല്ലാ രോഗത്തിന് ചികിത്സ ഇല്ലാത്തതിനാല്‍ ഒറ്റത്തവണ കുത്തിവയ്പിലൂടെ മാത്രമേ പ്രതിരോധം സാധ്യമാകൂ. അതുകൊണ്ട് കര്‍ഷകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. വാക്സിനേഷന് യജ്ഞം പൂര്‍ത്തീകരിക്കാന്‍ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരെയും അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍മാരെയും നിയോഗിച്ചതായി മന്ത്രി പറഞ്ഞു.