പെരിന്തല്‍മണ്ണ: ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കപ്പെട്ട കൃഷിക്കൂട്ടങ്ങള്‍ കേരളത്തില്‍ ഒരു പുതിയ കാര്‍ഷിക സംസ്‌കാരം സൃഷ്ടിച്ചിരിക്കുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സര്‍ക്കാറിന്റെ മൂന്നാം നൂറുദിന പദ്ധതികളുടെ ഭാഗമായി എയിംസ് പോര്‍ട്ടല്‍ മുഖേന 20,000 കൃഷിക്കൂട്ടങ്ങളുടെ പഞ്ചായത്തുതല രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും മൂല്യവര്‍ദ്ധനമേഖലയിലെ 1000 കൃഷിക്കൂട്ടങ്ങളുടേയും സേവനമേഖലയിലെ 200 യന്ത്രവല്‍കൃത കൃഷിക്കൂട്ടങ്ങളുടേയും സംസ്ഥാനതല പ്രവര്‍ത്തന ഉദ്ഘാടനം മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ഷിഫ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പഴം പച്ചക്കറി മേഖലയില്‍ കേരളം സ്വയം പര്യാപ്തതിയിലേക്ക് നീങ്ങുകയാണ്. ചെറുധാന്യങ്ങളുടെ കൃഷിയിലും ഗണ്യമായ ഉല്‍പാദന വര്‍ധനവ് ഉണ്ടായിട്ടുണ്ട്. വിലസ്ഥിരത ഫണ്ട് 600 കോടി രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. കാര്‍ഷിക ഉല്‍പന്നങ്ങളെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ആക്കി മാറ്റി വിപണനം ചെയ്യുന്നതിന് ആവശ്യമായ എല്ലാ ഭൗതികസാഹചര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇത് കര്‍ഷകന് മെച്ചപ്പെട്ട വരുമാനം ഉണ്ടാക്കാന്‍ സഹായകമാകും. ശാസ്ത്രീയമായ കൃഷിരീതിയും കാര്‍ഷിക ഉല്‍പ്പന്ന ശേഖരണവും, സംസ്‌കരണവും വ്യാവസായിക പ്രാധാന്യമുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും സമയബന്ധിതമായി നടപ്പാക്കുകയും വാല്യൂ ആഡഡ് അഗ്രികള്‍ച്ചര്‍ മിഷന്‍ വഴി വിപണിയില്‍ എത്തിക്കുകയും ചെയ്യുന്നത് കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യും. കൃഷി വകുപ്പിന് പുറമേ 11 മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സേവനവും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. സമൂഹത്തിന്റെ കൂട്ടായ പരിശ്രമവും നവീന കൃഷി രീതികളും ഉല്‍പാദന വര്‍ദ്ധനവ് യാഥാര്‍ത്ഥ്യമാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവ കാര്‍ഷികരംഗത്ത് വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇതനുസരിച്ച് കര്‍ഷക സമൂഹം മാറേണ്ടതുണ്ട്. പുതിയ കാലത്തിന്റെ താല്‍പര്യത്തിന് അനുസരിച്ച് മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മ്മാണവും വിപണനവും ചെയ്യാന്‍ ശ്രദ്ധിക്കണം. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് അധ്യക്ഷത വഹിച്ചു. ഉല്‍പ്പന്ന പ്രദര്‍ശന ഉദ്ഘാടനം കായിക ന്യൂനപക്ഷ ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരം, എം.പി.അബ്ദുള്‍ സമദ് സമദാനി എം.പി., മുതിര്‍ന്ന കര്‍ഷകന്‍ ചക്കന്‍ ചെമ്പ്രംപള്ളിയാലില്‍ എന്നിവര്‍ മുഖ്യാതിഥികളായി. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ- ജനപ്രതിനിധികള്‍, കര്‍ഷകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണറുമായ ഡോ ബി.അശോക് ഐ.എ.എസ് സ്വാഗതവും കൃഷിവകുപ്പ് ഡയറക്ടര്‍ അഞ്ജു കെ.എസ് നന്ദിയും പറഞ്ഞു.