കുടുംബശ്രീ ദിന പ്രഖ്യാപനവും രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും: കാലാവസ്ഥാ വ്യതിയാന വിഷയങ്ങളിലും കുടുംബശ്രീ ഫലപ്രദമായ പങ്കാളിത്തം ഉറപ്പുവരുത്തണം: അരുണാ റോയ്

കുടുംബശ്രീ ദിന പ്രഖ്യാപനവും രജത ജൂബിലി ആഘോഷങ്ങളുടെ സമാപനവും: കാലാവസ്ഥാ വ്യതിയാന വിഷയങ്ങളിലും കുടുംബശ്രീ ഫലപ്രദമായ പങ്കാളിത്തം ഉറപ്പുവരുത്തണം: അരുണാ റോയ്

കുടുംബശ്രീ മോഡല്‍ വികസനം രാജ്യത്തിനാകെ മാതൃകയാണെന്നും അരുണ റോയ്

തിരുവനന്തപുരം: എല്ലാ സാമൂഹ്യപ്രശ്‌നങ്ങളിലും ഫലപ്രദമായി ഇടപെടുന്ന കുടുംബശ്രീ കാലാവസ്ഥാ വ്യതിയാന വിഷയങ്ങളിലും ഫലപ്രദമായ പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് മാഗ്‌സസെ അവാര്‍ഡ് ജേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായ അരുണ റോയ് പറഞ്ഞു. കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ‘കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ സാമൂഹ്യ സംഘടനാ സംവിധാനമെന്ന നിലയ്ക്ക് കുടുംബശ്രീയുടെ പങ്ക്’ എന്ന വിഷയത്തില്‍ രണ്ടാം ദിവസം സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അവര്‍. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മോഡറേറ്ററായി.

46 ലക്ഷം അംഗങ്ങളുള്ള കുടുംബശ്രീ പ്രസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ ഒരു വിപ്‌ളവമാണെന്നും അവരിലൂടെ കേരളം മുന്നേറുകയാണെന്നും അരുണാ റോയ് പറഞ്ഞു. നിസഹായരും അശരണരുമായ നിരവധി വനിതകളെ സംരംഭകരും തൊഴില്‍ ദാതാക്കളുമാക്കി കേരളീയ വനിതകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് കുടുംബശ്രീക്ക് കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിലും പരിസ്ഥിതി സംരംക്ഷണത്തിലും കേരളത്തിലെ കുടുംബശ്രീ അംഗങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. മാലിന്യ സംസ്‌കരണത്തില്‍ ഹരിതകര്‍മസേന നടത്തുന്നത് അഭിനന്ദനാര്‍ഹമായ സേവനമാണ്. പ്രകൃതി വിഭവങ്ങള്‍ വരുംതലമുറയ്ക്ക് വേണ്ടി കാത്തുസൂക്ഷിക്കുകയെന്ന ദൗത്യമാണ് കുടുംബശ്രീ അംഗങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്നും അവര്‍ കൂട്ടി ചേര്‍ത്തു. ജൈവമാലിന്യങ്ങളില്‍ നിന്നും പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാന വിഷയത്തില്‍ ഹരിതകര്‍മ സേനയ്ക്ക് വലിയ പങ്ക് വഹിക്കാനാകും. കുടുംബശ്രീ മോഡല്‍ വികസനം രാജ്യത്തിനാകെ മാതൃകയാണെന്നും അരുണ റോയ് വ്യക്തമാക്കി.

പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കാന്‍ വ്യക്തികളേക്കാള്‍ ഏറെ ഒരു സമൂഹമായി പ്രവര്‍ത്തിച്ച് മുന്നോട്ടു പോകണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകയും ആദിവാസി അവകാശ പ്രവര്‍ത്തകയുമായ അമൃത ഭട്ടാചാര്യ പറഞ്ഞു.

ഓരോ സംസ്ഥാനത്തെയും ദുരന്ത നിവാരണത്തിനുള്ള പ്ലാനില്‍ കുടുംബശ്രീയുടെ പങ്ക് വളരെ വലുതാണെന്നും കാലാവസ്ഥാ വ്യതിയാനം എന്ന ആഗോള പ്രതിസന്ധിയുടെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്ന സംസ്ഥാനം എന്ന നിലയ്ക്ക് പുതിയ പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ കുടുംബശ്രീ പങ്കു ചേരണമെന്നും സ്റ്റേറ്റ് പ്ലാനിങ്ങ് ബോര്‍ഡ് അംഗം മിനി സുകുമാര്‍ പറഞ്ഞു.

നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ മെന്റര്‍ ശശികല, ഹരിതകര്‍മ സേന വടകര കണ്‍സോര്‍ഷ്യം സെക്രട്ടറി അനില, ഹരിതകര്‍മ സേന ഗുരുവായൂര്‍ പ്രസിഡന്റ് റീന സുരേഷ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു സംവദിച്ചു.
കുടുംബശ്രീ നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ സജിത് സുകുമാരന്‍ രചിച്ച ‘അയലുറവുകള്‍-ഒരു കുടുംബശ്രീ യാത്ര’ പുസ്തകത്തിന്റെ പ്രകാശനവും അരുണാ റോയ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ആദ്യ കോപ്പി തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും പാനല്‍ ചര്‍ച്ചയുടെ മോഡറേറ്ററുമായ ശാരദാ മുരളീധരനില്‍ നിന്നും കുടുംബശ്രീയുടെ ഏറ്റവും പ്രായം കുറഞ്ഞ സി.ഡി.എസ് അധ്യക്ഷയായ ആയിഷാബി ഏറ്റുവാങ്ങി.

Share

Leave a Reply

Your email address will not be published. Required fields are marked *