കുടുംബശ്രീ ഒരു തലമുറയ്ക്ക് അവബോധം നല്‍കാന്‍ കഴിയുന്ന പ്രസ്ഥാനം: ആര്‍.നിശാന്തിനി ഐ.പി.എസ്
തിരുവനന്തപുരം: ഒരു തലമുറയ്ക്ക് അവബോധം നല്‍കാന്‍ കഴിയുന്ന പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് തിരുവനന്തപുരം റൂറല്‍ ഡി.ഐ.ജി ആര്‍.നിശാന്തിനി പറഞ്ഞു. കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സമാപന പരിപാടികളുടെ ആദ്യദിനത്തില്‍ ‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ തടയാനുള്ള കൂട്ടായ പ്രവര്‍ത്തനം’ എന്ന വിഷയത്തില്‍ മോഡറേറ്ററായി സംസാരിക്കുകയായിരുന്നു.
കുറ്റകൃത്യങ്ങള്‍ക്കിരയാകുന്ന വ്യക്തിക്ക് നിലവിലുള്ള നിയമസംവിധാനങ്ങളില്‍ നിന്നു ലഭ്യമാകുന്ന പിന്തുണകളും പരിരക്ഷകളും എന്തെല്ലാമാണെന്ന് അവബോധം നല്‍കേണ്ടത് അനിവാര്യമാണ്. യുവാക്കള്‍ക്കിടയിലെ മയക്കുമരുന്നിന്റെ അമിത ഉപയോഗം സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. ശക്തമായ അവബോധം നല്‍കിക്കൊണ്ടു മാത്രമേ ഈ വിപത്തിനെ ഇല്ലാതാക്കാന്‍ സാധിക്കൂ. ഇതിനെതിരേ സമൂഹത്തിന്റെ ഏറ്റവും താഴെതട്ടില്‍ വരെ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ എത്തിക്കാന്‍ ഏറ്റവും ശക്തവും സംഘടിതവുമായ സംവിധാനം കുടുംബശ്രീയാണ്. എക്‌സൈസ്, പോലിസ് വകുപ്പുകളുമായി ചേര്‍ന്നുകൊണ്ട് ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രൊഫഷണലായി ചെയ്യാന്‍ സാധിക്കുമെന്നും ആര്‍.നിശാന്തിനി പറഞ്ഞു.
ഒരു സ്ത്രീ സ്വന്തം നീതിക്കും ന്യായത്തിനും വേണ്ടി പൊരുതി തുടങ്ങുമ്പോഴാണ് നീതിക്കും ന്യായത്തിനും അവരെ പിന്തുണയ്ക്കാന്‍ സാധിക്കുന്നതെന്ന് തിരുവനന്തപുരം പോക്‌സോ കോടതി സ്‌പെഷ്യല്‍ ജഡ്ജ് ആജ് സുദര്‍ശന്‍ പറഞ്ഞു. സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം, ലൈംഗികാതിക്രമത്തിനും സ്ത്രീപീഡനത്തിനും എതിരായ നിയമങ്ങള്‍ എന്നിവയെ കുറിച്ചും അവര്‍ വിശദമായി സംസാരിച്ചു. സ്ത്രീകളോടൊപ്പം മറ്റു ജെന്‍ഡറുകളുടെ കൂടി സുരക്ഷ ഉറപ്പാക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ജെന്‍ഡര്‍ പാര്‍ക് സി.ഇ.ഒ ചെലസ്വിനി വി. ഐ.എ.എസ് പറഞ്ഞു. സ്ത്രീധനത്തെയും ലഹരി മരുന്നിനെയും സമൂഹത്തില്‍ നിന്നും ഉന്‍മൂലനം ചെയ്യാനുള്ള ഗൗരവമായ ദൗത്യത്തില്‍ കുടുംബശ്രീയും പങ്കുചേരണം എന്ന് കേരള സ്റ്റേറ്റ് പ്ലാനിങ്ങ് ബോര്‍ഡ് അംഗം ജോസഫൈന്‍ പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് പുനരധിവാസത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് സംബന്ധിച്ച് നിര്‍ഭയ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീല മേനോന്‍ സംസാരിച്ചു.
കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍ സാവിത്രി വി.എല്‍, കമ്മ്യൂണിറ്റി കൗണ്‍സിലറായ രജനി, എന്‍.ആര്‍.ഒ മെന്‍ഡറായ ജിബി വര്‍ഗീസ് തുടങ്ങിയവരും പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് കുടുംബശ്രീ വനിതകളുമായി സംവദിച്ചു. ചര്‍ച്ചയ്ക്ക് ശേഷം വിവിധ സി.ഡി.എസ് അംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറി.