കോഴിക്കോട്: കഥകളി സാര്‍വ്വഭൗമനും കലാസാഗര്‍ സ്ഥാപകനുമായിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ ജന്മവാര്‍ഷികം ഒരു പിറന്നാളിന്റെ ഓര്‍മ്മ 2023 മെയ് 28ാം തിയതി വാഴേങ്കട കുഞ്ചുനായര്‍ ട്രസ്റ്റിന്റെയും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെ കാറല്‍മണ്ണ വാഴേങ്കട കുഞ്ചുനായര്‍ ട്രസ്റ്റ് ഹാളില്‍ കലാസാഗര്‍ ആഘോഷിക്കുന്നു. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണാര്‍ത്ഥം കലാസാഗര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ തദവസരത്തില്‍ നല്‍കുന്നതാണ്.
മെയ് 28നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന അനുസ്മരണ യോഗത്തിന് സ്വാഗതം ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും. കെ.ബി രാജ് ആനന്ദ് (ചെയര്‍മാന്‍ വാഴേങ്കട കുഞ്ചുനായര്‍ ട്രസ്റ്റ് ) ആഘോഷ പരിപാടിയുടെ ആമുഖവും വിശിഷ്ടാതിഥികളെയും കലാസാഗര്‍ പുരസ്‌കൃതരെയും സദസ്സിനു പരിചയപ്പെടുത്തും. ഡോക്ടര്‍ ടി.എസ് മാധവന്‍കുട്ടിയുടെ (പ്രസിഡന്റ് വാഴേങ്കട കുഞ്ചുനായര്‍ ട്രസ്റ്റ്) അധ്യക്ഷതയില്‍ ചേരുന്ന അനുസ്മരണയോഗത്തിനു ഡോക്ടര്‍ എം.വി നാരായണന്‍, വൈസ് ചാന്‍സലര്‍, കേരള കലാമണ്ഡലം ഉദ്ഘാടനം ചെയ്യും. ഡോക്ടര്‍ കെ.ജി പൗലോസ്, മുന്‍ വൈസ് ചാന്‍സലര്‍, കേരള കലാമണ്ഡലം വിശിഷ്ടസാന്നിധ്യം അലങ്കരിക്കുന്ന വേദിയില്‍ വി.രാമന്‍കുട്ടി, എം.ജെ ശ്രീചിത്രന്‍ സ്മൃതിഭാഷണം ചെയ്യും. വി. കലാധരന്‍ മുഖ്യ പ്രഭാഷകനാകും. തുടര്‍ന്ന് 2023ലെ കലാസാഗര്‍ പുരസ്‌കാരസമര്‍പ്പണം. കലാസാഗര്‍ പ്രസിഡന്റ് എം.പി മോഹനന്‍ നന്ദി രേഖപ്പെടുത്തും.
പുരസ്‌കാരസമര്‍പ്പണത്തിനു ശേഷം കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഭീഷ്മപ്രതിജ്ഞ ആട്ടക്കഥയില്‍ കഥകളിയിലെ ദേവഭാവം കോട്ടക്കല്‍ ദേവദാസ് ശന്തനു മഹാരാജാവായും, വെള്ളിനേഴി ഹരിദാസന്‍ സത്യവതിയായും, കളിയരങ്ങിലെ നിറസാന്നിദ്ധ്യം പീശപ്പിള്ളി രാജീവ് ഗംഗാദത്തനായും യുവ കലാകാരന്മാരില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കലാമണ്ഡലം നീരജ് ദാശരാജാവായും വേഷമിടുമ്പോള്‍ അത്തിപ്പറ്റ രവിയും നെടുമ്പുള്ളി രാംമോഹനനും സംഗീതം നല്‍കുന്നു. കോട്ടക്കല്‍ വിജയരാഘവനും കോട്ടക്കല്‍ സുധീഷ് പാലൂര്‍ മേളമൊരുക്കുന്നു. കലാമണ്ഡലം ശ്രീജിത്ത് ചുട്ടിയും, ബാലന്‍, രാമകൃഷ്ണന്‍, കുട്ടന്‍ (അണിയറ) തുടങ്ങിയവര്‍ പങ്കെടുക്കുന്ന കഥകളിക്കു ചമയമൊരുക്കുന്നതും വാഴേങ്കട കുഞ്ചുനായര്‍ ട്രസ്റ്റ് ആണ്.