തൃശ്ശൂര്‍: എ.ഐ ക്യാമറ അഴിമതി ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതിനോടനുബന്ധിച്ച് എസ്.ആര്‍.ഐ.ടിയുടെ വക്കീല്‍ നോട്ടിസിന് മറുപടി നല്‍കിയെന്നും വി.ഡി സതീശന്‍ പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. ആരോപണം പിന്‍വലിക്കില്ല എന്ന് കാട്ടിയാണ് മറുപടി അയയ്ച്ചെതന്നും അദ്ദേഹം പറഞ്ഞു.
ടെന്‍ഡറില്‍ എസ്.ആര്‍.ഐ.ടി മറ്റു രണ്ടു കമ്പനികളുമായി ചേര്‍ന്ന് മത്സരിച്ചു. വന്‍ തുകക്ക് ടെന്‍ഡര്‍ നേടി. എല്ലാ നിബന്ധനകളും ആട്ടിമറിച്ചാണ് ഉപകരാര്‍ കൊടുത്തത്. കര്‍ണാടകയില്‍ 40 ശതമാനമാണ് സര്‍ക്കാര്‍ പദ്ധതികളില്‍ കമ്മീഷനെങ്കില്‍ കേരളത്തിലെ എ.ഐ ക്യാമറ ഇടപാടില്‍ അത് 65 ആണെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം കേട്ടു കേള്‍വി ഇല്ലാത്ത കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മൗനം തുടരുന്ന മുഖ്യമന്ത്രി, കമ്പനിയെ കൊണ്ട് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.
ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് പറഞ്ഞാണ് എസ്.ആര്‍.ഐ.ടിക്കു മറുപടി നല്‍കിയത്. കോടതിയില്‍ എല്ലാ രേഖകളും ഹാജരാക്കുമെന്നും കൂടുതല്‍ അഴിമതി കഥകള്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഏത് ഏജന്‍സി അന്വേഷിച്ചാലും സര്‍ക്കാരിന് വെള്ളപൂശുന്ന റിപ്പോര്‍ട്ട് നല്‍കാന്‍ പറ്റില്ല. അന്വേഷിച്ച വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എവിടെയാണ്. അദ്ദേഹം അവധിക്ക് പോയെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി തലയില്‍ മുണ്ടിട്ടു പോകേണ്ട സ്ഥിതിയാണ് ഇനി വരാന്‍ പോകുന്നത് പ്രതിപക്ഷ നേതാവ് പറഞ്ഞു.