അമ്പേ തോറ്റ് റോയല്‍സ്

അമ്പേ തോറ്റ് റോയല്‍സ്

ആര്‍.സി.ബിക്കെതിരേ 59 റണ്‍സിന് പുറത്തായി. പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി.

ജയ്പൂര്‍: ഈ സീസണിലെ നാണംക്കെട്ട തോല്‍വി ഏറ്റുവാങ്ങി സഞ്ജുവും കൂട്ടരും. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും താഴ്ന്ന മൂന്നാമത്തെ ടോട്ടലിന് പുറത്തായി എന്നതിന്റെ നാണംക്കെട്ട റെക്കോര്‍ഡ് ഇനി രാജസ്ഥാന്‍ റോയല്‍സിന് സ്വന്തം. 59 റണ്‍സെടുക്കുന്നതിനിടെ ആര്‍.ആറിന്റെ ബാറ്റിങ് നിരയെ തിരികെ പവലിയനിലേക്കെത്തിച്ച് ആര്‍.സി.ബി. യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, അശ്വിന്‍, കെ.എം ആസിഫ് എന്നിവര്‍ സംപൂജ്യരായി മടങ്ങി. ക്യാപ്റ്റന്‍ സഞ്ജു നാലും ജോറൂട്ട് 10ഉം ദേവ്ദത്ത് പടിക്കല്‍ നാലും ധ്രുവ് ജുറേല്‍ ഒന്നും ആദം സാംപ രണ്ടും റണ്‍സുമായി പെട്ടെന്ന് തന്നെ കൂടാരം കയറി. വമ്പന്‍ നാണക്കേടില്‍ നിന്നും രാജസ്ഥാനെ കര കയറ്റിയത് 19 പന്തില്‍ 35 റണ്‍സെടുത്ത ഷിംറോണ്‍ ഹെറ്റ്‌മെയറിന്റെ ഇന്നിങ്‌സാണ്. 10.3 ഓവര്‍ പിന്നിട്ടപ്പോഴേക്കും രാജസ്ഥാന്റെ കഥ കഴിഞ്ഞു. മൂന്നോവറില്‍ 10 റണ്‍സ് മാത്രം വിട്ടുക്കൊടുത്ത് മൂന്ന് വിക്കറ്റെടുത്ത വെയ്ന്‍ പാര്‍ണലിനൊപ്പം രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ബ്രെയ്‌സ്‌വെല്ലും കരണ്‍ ശര്‍മയും ഓരോ വിക്കറ്റ് വീതം വിഴ്ത്തിയ മുഹമ്മദ് സിറാജും ഗ്ലെന്‍ മാക്‌സ്‌വെല്ലും ചേര്‍ന്നപ്പോള്‍ 112 റണ്‍സിന്റെ ഉജ്ജ്വല വിജയമാണ് ആര്‍.സി.ബി നേടിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബിക്കായി ഇത്തവണയും ഫാഫ് ഡുപ്ലെസിയും മാക്‌സ്‌വെല്ലും തിളങ്ങി. ഡുപ്ലെസി 44 പന്തില്‍ 55 ഉം മാക്‌സ്‌വെല്‍ 33 പന്തില്‍ 54 റണ്‍സും നേടി. അവസാന ഓവറുകളില്‍ അനുജ് റവാത്തിന്റെ മിന്നല്‍ വെട്ടിക്കെട്ടും (29*) കൂടിയായപ്പോള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ആര്‍.സി.ബി 171 റണ്‍സ് നേടി. രാജസ്ഥാന് വേണ്ടി കെഎം.ആസിഫും ആദം സാംപയും രണ്ട് വിക്കറ്റ് വീതവും സന്ദീപ് ശര്‍മ ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങില്‍ ബാറ്റ്‌സ്മ്ാന്‍മാര്‍ വിക്കറ്റ് കളഞ്ഞു കുളിക്കുന്ന കാഴ്ചയാണ് കണ്ടത്. രാജസ്ഥാന്‍ ടീം കൂടുതലും അവരുടെ ഓപ്പണിംഗ് കൂട്ടുക്കെട്ടിനെയാണ് ആശ്രയിക്കുന്നത്. ഇരു ഓപ്പണര്‍മാരും സംപൂജ്യരായി മടങ്ങിയപ്പോള്‍ തന്നെ രാജസ്ഥാന്‍ പരാജയം അംഗീകരിച്ചിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ഒട്ടും പക്വമാര്‍ന്ന ബാറ്റിങ്ങല്ല സഞ്ചു സാംസണ്‍ പുറത്തെടുക്കുന്നുത്. എല്ലാ പന്തുകളും അതിര്‍ത്തി കടത്താന്‍ ശ്രമിക്കുന്ന സഞ്ജു വിക്കറ്റ് വെറുതെ വലിച്ചെറിയുകയാണ്. ഈ കളിയിലും പാര്‍ണലിന്റെ പന്തില്‍ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ അനുജ് റവാത്തിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ക്യാപ്റ്റന്റെ സ്ഥിരതയില്ലായ്മയും നിരുത്തരവാദിത്വപരമായ കളിയുമാണ് രാജസ്ഥാന്റെ ഇപ്പോഴത്തെ പ്രധാന തലവേദന. വെയ്ന്‍ പാര്‍ണലാണ് കളിയിലെ താരം.

 

Share

Leave a Reply

Your email address will not be published. Required fields are marked *