സണ്‍റൈസേഴ്‌സിനെതിരേ ലഖ്‌നൗവിന് ഏഴ് വിക്കറ്റ് വിജയം
ഹൈദരാബൈദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു 29 പന്തില്‍ 47 റണ്‍സെടനുത്ത ഹെന്റിച്ച് ക്ലാസനാണ് ഹൈദരാബാദിന്റെ ടോപ്‌സ്‌കോറര്‍. ലഖ്‌നൗവിനായി ക്രുനാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങില്‍ 14 പന്തില്‍ രണ്ട് റണ്‍സ് നേടി ദയനീയ പ്രകടനം നടത്തിയ കൈല്‍ മയേഴ്‌സിനെ തുടക്കത്തില്‍തന്നെ ഗ്ലെന്‍ ഫിലിപ്‌സ് പുറത്താക്കി. ക്വിന്റോണ്‍ ഡിക്കോക്ക് 29 റണ്‍സുമായും പവലിയനിലേക്ക് മടങ്ങി. എന്നാല്‍ പ്രേരക് മങ്കാടും മാര്‍ക്കസ് സ്റ്റോയിനിസും മൂന്നാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 40 റണ്‍സ് നേടിയ സ്‌റ്റോയിനിസ് 16ാം ഓവറില്‍ പുറത്തായെങ്കിലും. തുടര്‍ന്നു വന്ന നിക്കോളസ് പൂരന്‍ കളി അനായാസം ലഖ്‌നൗവിന്റെ ട്രാക്കിലാക്കി. പ്രേരക് മങ്കാട് 45 പന്തില്‍ പുറത്താകാതെ 64 റണ്‍സ് നേടി. പൂരന്‍ പുറത്താകാതെ 13 പന്തില്‍ 44 റണ്‍സ് നേടി. അഭിഷേക് ശര്‍മയെറിഞ്ഞ 16ാം ഓവറാണ് കളിയില്‍ നിര്‍ണായകമായത്. സണ്‍റൈസേഴ്‌സില്‍ നിന്ന് വിജയം തെന്നിമാറിയത് ഈ ഓവറിലായിരുന്നു. 31 റണ്‍സാണ് അഭിഷേക് ശര്‍മ 16ാം ഓവറില്‍ വഴങ്ങിയത്. ആദ്യ പന്തില്‍ മാര്‍ക്കസ് സ്റ്റോയിനിസ് സിക്‌സ് നേടി. അടുത്ത പന്ത് വൈഡായിരുന്നു. രണ്ടാം പന്തില്‍ സ്റ്റോയിനിസ് വീണ്ടും പന്ത് അതിര്‍ത്തി കടത്തി. മൂന്നാം പന്തില്‍ മായങ്ക് മര്‍ക്കണ്ടേക്ക് ക്യാച്ച് നല്‍കി സ്റ്റോയിനിസ് മടങ്ങി. നാലും അഞ്ചും ആറും പന്തുകള്‍ തുടരെ നിക്കോളസ് പുരന്‍ സിക്‌സര്‍ പറത്തി. പിന്നീടുള്ള നാലോവറുകളില്‍ വെറും 38 റണ്‍സ് മാത്രം മതിയായിരുന്നു ലഖ്‌നൗവിന്. പ്രേരക് മങ്കാടാണ് കളിയിലെ താരം.