പാലക്കാട് : മരുസാഗര്‍ എക്‌സ്പ്രസില്‍ യാത്രക്കാരന് കുത്തേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അക്രമിയായ സിയാദ് നിരവധി കേസുകളില്‍ പ്രതിയാണ്. നിലവില്‍ റെയില്‍വേ പോലിസിന്റെ കസ്റ്റഡിയിലുള്ള സിയാദിനെതിരേ തൃശൂര്‍ ഈസ്റ്റ്, പാവറട്ടി, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ കേസുണ്ട്. ആലുവയില്‍ നിന്നാണ് പ്രതി ട്രെയിനില്‍ കയറിയത്. ഇയാളുടെ കയ്യില്‍ നിന്നും ഒരു റിസര്‍വേഷന്‍ ടിക്കറ്റും കണ്ടെത്തിയിട്ടുണ്ട്. ഇതും പൊലീസ് പരിശോധിക്കുകയാണ്.
മോശം പെരുമാറ്റം ചോദ്യം ചെയ്തതിനാണ് പരപ്പനങ്ങാടി സ്വദേശി ദേവദാസിനെ പ്രതിയായ സഹയാത്രികന്‍ സിയാദ് ആക്രമിച്ചത്. കമ്പാര്‍ട്ട്‌മെന്റില്‍ സ്ത്രീകളോടടക്കം മോശമായി പെരുമാറിയ ഇയാള്‍ ബഹളം വെക്കുന്നത് തുടര്‍ന്നതോടെയാണ് ദേവദാസ് ഇടപെട്ടത്. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ട്രെയിന്‍ ഷൊര്‍ണൂരിലെത്തിയപ്പോള്‍ ചില്ല് കുപ്പി ഉപയോഗിച്ച് ദേവദാസിനെ സിയാദ് കുത്തുകയായിരുന്നു.
ദേവദാസിന്റെ കണ്ണിന് സമീപമാണ് കുത്തേറ്റത്. കുത്തിയതിന് ശേഷം സിയാദ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. ഗുരുവായൂര്‍ സ്വദേശിയാണ് സിയാദ്. പരപ്പനങ്ങാടി സ്വദേശി ദേവദാസ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. പ്രതിയുടെ കൈയ്യിനും പരുക്കേറ്റിട്ടുണ്ട്.