പ്രാണാസമര്‍പ്പണം നിത്യകല്യാണി പുരസ്‌കാരം പ്രഖ്യാപിച്ചു

പ്രാണാസമര്‍പ്പണം നിത്യകല്യാണി പുരസ്‌കാരം പ്രഖ്യാപിച്ചു

തലശ്ശേരി: പ്രാണാ അക്കാദമി ഓഫ് പെര്‍ഫോമന്‍സ് ആര്‍ട്‌സ് ട്രസ്റ്റ് ഗുരുകലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പേരിലുള്ള നിത്യകല്യാണി പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രാണാ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനും പ്രാണയുടെ മുഖ്യരക്ഷാധികാരിയുമായ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. പ്രാണാ അക്കാദമിയുടെ സ്ഥാപക ഡയരക്ടറും മോഹിനിയാട്ടം നര്‍ത്തകിയുമായ നാട്യജ്യോതി മണിമേഘലയും ഡല്‍ഹി പഞ്ചവാദ്യം ട്രസ്റ്റ് സ്ഥാപകന്‍ ചെറുതാഴം കുഞ്ഞിരാമന്‍ മാരാറും ചടങ്ങില്‍ പങ്കെടുത്തു. മോഹിനിയാട്ടത്തിന്റെ അമ്മ, കേരളത്തിന്റെ തനത് കലാരൂപമായ മോഹിനിയാട്ടത്തിന് സ്വജീവിതം സമര്‍പ്പിച്ച ഗുരു കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ പേരിലുള്ള ആദ്യത്തെ ‘നിത്യകല്യാണി’ പുരസ്‌കാരം കല്യാണിക്കുട്ടി അമ്മയുടെ മകളും മോഹിനിയാട്ടം നര്‍ത്തകിയും അധ്യാപികയുമായ കലാവിജയന് സമര്‍പ്പിക്കും.

ഗുരു ശ്രേഷ്ഠപുരസ്‌കാരം-കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ (കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പാള്‍ ), കലാചാര്യ പുരസ്‌കാരം-സദനം ഗോപാലകൃഷ്ണന്‍ (സദനം കഥകളി അക്കാദമി പ്രിന്‍സിപ്പാള്‍ ), കലാ ഉപാസന പുരസ്‌കാരം- അയ്മനം കെ. പ്രദീപ് (കര്‍ണാട്ടിക് വയലിനിസ്റ്റ് ), ക്ഷേത്രകലാശ്രേഷ്ഠ പുരസ്‌കാരം-ഡോ. കലാമണ്ഡലം കൃഷ്‌ണേന്ദു (നങ്ങ്യാര്‍കൂത്ത്, കൂടിയാട്ടം), കലേനാര്‍ പുരസ്‌കാരം-സുശീല്‍ തിരുവങ്ങാട് (സിനി ആര്‍ട്ടിസ്റ്റ്), കലാസപര്യ പുരസ്‌കാരം- സന്തോഷ് ചിറക്കര (ചിത്രകല, സിനിമ ആര്‍ട്ട് ഡയരക്ടര്‍), സംഗീതസപര്യ ആദരവ്- നിഷ മുരളീധരന്‍ (കര്‍ണാട്ടിക് സംഗീതജ്ഞ, അധ്യാപിക), നാട്യ ഇളവരസി പുരസ്‌കാരം-ദയ പ്രാണാ ( മോഹിനിയാട്ടം), യുവ കലാരത്‌നം പുരസ്‌കാരം-മഞ്ജിമ കലാര്‍പ്പണ ( ഭരതനാട്യം), ശ്രീബാല പുരസ്‌കാരം- അനന്യ പ്രശാന്ത് (ഭരതനാട്യം ) എന്നിവര്‍ക്കും സമര്‍പ്പിക്കും.

വാദ്യ, സംഗീത, നൃത്തം, ക്ഷേത്രകല, അഭിനയം, ചിത്രകല, ശില്‍പകല തുടങ്ങി കലയുടെ വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിക്കുകയും സാമൂഹിക പ്രതിബദ്ധതയുമുള്ള കലാകാരന്മാരെയാണ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ചെറുതാഴം കുഞ്ഞിരാമന്‍ മാരാര്‍, കലൈമാമണി ചാലക്കര പുരുഷു, നാട്യജ്യോതി മണിമേഘല എന്നിവര്‍ ഉള്‍പ്പെട്ട ജൂറി അംഗങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പ്രാണയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 30ന് വൈകീട്ട് ഏഴ് മണിക്ക് ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വച്ച് അവാര്‍ഡ് സമര്‍പ്പണം നടത്തുവാന്‍ ട്രസ്റ്റ് അംഗങ്ങള്‍ തീരുമാനിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *