കുവൈറ്റ് സിറ്റി: പ്രവാസി കമ്മീഷന്‍ നിയമനകാര്യത്തില്‍ മുഖ്യമന്ത്രിക്ക് നിവേദനവുമായി പ്രവാസി ലീഗല്‍ സെല്‍. കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ പ്രശ്‌നപരിഹാരത്തിനായി 2016ല്‍ സ്ഥാപിതമായ പ്രവാസി കമ്മീഷന്‍ കഴിഞ്ഞ കുറേ മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ല. പ്രവാസി കമ്മീഷന്‍ അധ്യക്ഷനായിരുന്ന ജസ്റ്റിസ് പി.ഡി രാജന്‍ വിരമിച്ചതിന് ശേഷം തുടര്‍ നിയമനവും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം നിവേദനം നല്‍കിയത്.
പ്രവാസികളുടെ നിരവധിയായ പ്രശ്‌നപരിഹാരത്തിന് സഹായകരമായ പ്രവാസി കമ്മീഷനില്‍ ഒരു ചെലവുമില്ലാതെ പരാതി നല്‍കാവുന്നതും പരിഹാരം കണ്ടെത്താവുന്നതുമാണ്. പലവിധ പ്രശ്‌നങ്ങളാല്‍ വലയുന്ന പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന കമ്മീഷന്റെ പ്രവര്‍ത്തനത്തിലും അതുപോലെ തന്നെ പ്രവാസികളുടെ ക്ഷേമ വിഷയങ്ങളിലും അടിയന്തിരമായ കേരള സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യമാണെന്നും മനുഷ്യക്കടത്തുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കാര്യക്ഷമമായി ഇടപെടാന്‍ കഴിയുന്ന പ്രവാസി കമ്മീഷന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ പുനഃസ്ഥാപിക്കണമെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ അനുകൂലമായ നടപടി സ്വീകരിക്കാത്തപക്ഷം പ്രവാസി ലീഗല്‍ സെല്ലിന് കോടതിയെ സമീപിക്കേണ്ടി വരുമെന്നും പി.എല്‍.സി കുവൈറ്റ് ജനറല്‍ സെക്രട്ടറി ബിജു സ്റ്റീഫന്‍, കോ-ഓര്‍ഡിനേറ്റര്‍ അനില്‍ മൂടാടി എന്നിവര്‍ അറിയിച്ചു.