പെരുമാറ്റം ഇഷ്ടപ്പെടാത്തത് കൊണ്ടാണ് കുത്തിയത്; സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലിസ്

പെരുമാറ്റം ഇഷ്ടപ്പെടാത്തത് കൊണ്ടാണ് കുത്തിയത്; സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലിസ്

ചികിത്സാ ദൃശ്യങ്ങള്‍ അയയ്ച്ചത് മൂന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക്

കൊല്ലം: ഡോക്ടര്‍ വന്ദന ദാസിനെ ആക്രമിക്കാന്‍ കാരണം അവരുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തത് കൊണ്ടാണെന്ന് കൊലക്കേസ് പ്രതി സന്ദീപ്. കഴിഞ്ഞ ദിവസമാണ് സന്ദീപ് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. ഇക്കാര്യം അന്വേഷണ സംഘം പൂര്‍ണമായും വിശ്വസിക്കുന്നില്ല. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ അക്രമത്തിലേക്ക് നയിച്ച കാരണത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. അതിനാല്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും.

ഡോ. വന്ദനദാസ് കൊലപാതകത്തിലെ പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ സാക്ഷ്യപ്പെടുത്തിയിരുന്നു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ജയിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. ആശുപത്രിയില്‍ കൊണ്ടു പോയി ചികിത്സിക്കേണ്ട മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്. സന്ദീപ് എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായി പ്രതികരിക്കുന്നുണ്ട്.

അതേസമയം, സന്ദീപ് സ്വന്തം ചികിത്സാ ദൃശ്യങ്ങള്‍ അയയ്ച്ചത് സ്‌കൂള്‍ അധ്യാപകരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക്. ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂള്‍ അധ്യാപകരുടെ മൂന്ന് ഗ്രൂപ്പില്‍ നിന്നും ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയ്ക്കായി സന്ദീപിന്റെ ഫോണ്‍ ഇന്ന് തിരുവനന്തപുരത്തെ ഫൊറന്‍സിക് സയന്റിഫിക് ലാബിലേക്ക് അയക്കും. കേസ് അന്വേഷണത്തില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താന്‍ വേണ്ടിയാണ് ഈ നടപടി.

കഴിഞ്ഞ ദിവസമാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സന്ദീപ് അതിക്രമം കാണിച്ചത് വനിതാ ഡോക്ടറും പോലീസുദ്യോഗസ്ഥരുമുള്‍പ്പെടെ അഞ്ച് പേരെ യുവാവ് കുത്തുകയായിരുന്നു. പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു ഡോ. വന്ദന വൈകാതെ മരിക്കുകയായിരുന്നു. വീട്ടില്‍ വെച്ച് സന്ദീപ് ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ബന്ധുക്കളാണ് പോലിസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലിസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി ആശുപത്രിയില്‍ ഉണ്ടായിരുന്നവരെ കുത്തുകയായിരുന്നു. പുറകിലും നെഞ്ചിലും കുത്തേറ്റ് സാരമായി പരിക്കേറ്റ വന്ദന മരണത്തിന് കീഴടങ്ങുകയായിരുന്നു.
താന്‍ ലഹരിക്ക് അടിമയല്ലെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. സംഭവ ദിവസം മദ്യപിച്ചിരുന്നു. നാട്ടുകാര്‍ തന്നെ മര്‍ദ്ദിച്ചു. കരാട്ടെ പഠിച്ചിട്ടുള്ള തന്നെ മര്‍ദ്ദിച്ചുവെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. നാട്ടുകാര്‍ പിന്തുടര്‍ന്നപ്പോള്‍ പോലിസിനെ ആദ്യം വിളിച്ചു. പിന്നെ സ്വിച്ച് ഓഫ് ചെയ്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നുവെന്നും സന്ദീപ് പറയുന്നു. കൊല്ലപ്പെടുമെന്ന് സന്ദീപ് ഭയപ്പെട്ട കാര്യത്തെക്കുറിച്ചും പരിശോധിക്കും. ആശുപത്രിയിലെ സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌കുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *