ചെന്നൈ: തമിഴ്‌നാട്ടിലെ രണ്ടിടത്തുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 35 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. 33 പേര്‍ അപകടനില തരണം ചെയ്തുവെന്നാണ് വിവരം.
വില്ലുപുരത്തും ചെങ്കല്‍പ്പേട്ട് ജില്ലയിലുമാണ് വ്യാജമദ്യം കഴിച്ച് ആളുകള്‍ മരണപ്പെട്ടത്. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. തമിഴ്‌നാട് പോലിസ് ഐ.ജി എന്‍ കണ്ണനാണ് വിവരങ്ങള്‍ മാധ്യമങ്ങളെ അറിയച്ചത്. വെള്ളിയാഴ്ചയാണ് ദുരന്തം റിപ്പോര്‍ട്ട് ചെയ്തത്. അന്ന് രണ്ടുപേരാണ് മരിച്ചത്. പിറ്റേദിവസം രണ്ടു പേര്‍കൂടി മരിച്ചു. ഞായറാഴ്ച ആറ് മരണം റിപ്പോര്‍ട്ട് ചെയ്തു. വിഷമദ്യം കഴിച്ചാണ് ആറുപേരും മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
ഇരകള്‍ എഥനോള്‍-മെഥനോള്‍ കലര്‍ന്ന വ്യാജ മദ്യം കഴിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലിസ് പറഞ്ഞു. രണ്ടിടത്തും വ്യാവസായിക ആവശ്യത്തിന് ഉപയോഗിച്ച മദ്യമാണ് ഉപയോഗിച്ചിരിക്കുന്നത്.
സംഭവത്തില്‍ ഒന്‍പത് പേരെ അറസ്റ്റ് ചെയ്യുകയും കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിന് നാല് പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. വ്യാജമദ്യവും ഗുഡ്കയും ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്തതിന് 57 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.