അരീക്കോട്: കുനിയില്‍ അത്തീഖ് റഹ്‌മാന്‍ വധക്കേസില്‍ വിചാരണ നടപടികള്‍ ജൂണ്‍ 28ന് തുടങ്ങും. മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആകും വിചാരണ. കേസില്‍ 91 സാക്ഷികളെയാണ് വിസ്തരിക്കാന്‍ ഉള്ളത്. 2012 ജനുവരി അഞ്ചിനാണ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകനായ കുനിയില്‍ നടുപ്പാട്ടില്‍ അത്തീഖ് റഹ്‌മാന്‍ കൊല്ലപ്പെട്ടത്. കേസിലെ പ്രതികളായ കൊളക്കാടന്‍ ആസാദും, സഹോദരന്‍ അബൂബക്കറും പിന്നീട് കൊല്ലപ്പെട്ടു. കൊളക്കാടന്‍ ഗുലാം ഹുസൈന്‍ (37), ഗുലാം പാഷ (35), അബ്ദുള്‍ നാസര്‍ (56), ഫൈസീര്‍ (39) എന്നിവരാണ് മറ്റു പ്രതികള്‍. ഇരട്ടക്കൊല കേസിലെ പ്രതികളെ കഴിഞ്ഞമാസം ഇതേ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ ഈ കൊലപാതകത്തിലേക്ക് നയിച്ച അത്തീഖ് റഹ്‌മാന്‍ വധക്കേസില്‍ വിചാരണ തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അഡ്വ. പി.സി നൗഷാദാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.