തിരുവനന്തപുരം: 2023ലെ എസ്.എസ്.എല്‍.സി പരീക്ഷ ഫലം മെയ് 20നും ഹയര്‍ സെക്കന്‍ഡറി ഫലം 25നും പ്രഖ്യാപിക്കുമെന്ന് വിദ്യഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. 4,19,362 റഗുലര്‍ വിദ്യാര്‍ത്ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ത്ഥികളും എസ്.എസ്.എല്‍.സി പരീക്ഷ എഴുതി. ഇതില്‍ 2,13,801 ആണ്‍കുട്ടികളും 2,05,561 പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികള്‍ പരീക്ഷ എഴുതി. ഇതില്‍ 72,031 ആണ്‍കുട്ടികളും 68,672 പെണ്‍കുട്ടികളുമാണ്. എയ്ഡഡ് സ്‌കൂളുകളില്‍ ആകെ 2,51,567 കുട്ടികളാണ് പരീക്ഷ എഴുതിയത്. 1,27,667 ആണ്‍കുട്ടികളും 1,23,900 പെണ്‍കുട്ടികളുമാണ്. അണ്‍ എയിഡഡ് സ്‌കൂളുകളില്‍ ആകെ 27,092 കുട്ടികള്‍ പരീക്ഷ എഴുതി. 14,103 ആണ്‍കുട്ടികളും 12,989 പെണ്‍കുട്ടികളുമാണുള്ളത്.
സര്‍ക്കാര്‍ മേഖലയില്‍ 1,170 സെന്ററുകളും എയിഡഡ് മേഖലയില്‍ 1,421പരീക്ഷ സെന്ററുകളും അണ്‍ എയിഡഡ് മേഖലയില്‍ 369 പരീക്ഷ സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരുന്നത്. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാര്‍ത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതി. കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ പൂര്‍ണമായ പാഠഭാഗങ്ങളില്‍ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടായിരുന്നു. വേനല്‍ കണക്കിലെടുത്ത് എസ്.എസ്.എല്‍.സി പരീക്ഷകള്‍ രാവിലെ 9.30 മുതലാണ് ഈ വര്‍ഷം നടത്തിയത്.
സ്‌കൂള്‍ പ്രവേശനത്തിന് കോഴ വിഷയത്തില്‍ ആരും പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പരാതി അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ ആലോചിക്കുന്നുണ്ട്. വിദ്യാഭ്യാസത്തെ കച്ചവടമാക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.