കോഴിക്കോട്: നവതിയുടെ നിറവിലെത്തിയ, തുഞ്ചന്‍ സ്മാരകത്തിന്റെ സാരഥ്യത്തില്‍ മൂന്ന് പതിറ്റാണ്ട് പിന്നിട്ട എം. ടി. വാസുദേവന്‍നായരെ ആദരിക്കാന്‍ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ സാദരം എം. ടി. ഉത്സവം 16 മുതല്‍ സംഘടിപ്പിക്കുമെന്ന് സംഘാടകരായ എം. എന്‍. കാരശ്ശേരിയും ഡോ. ശ്രീകുമാറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 16 ന് വൈകിട്ട് 5 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മമ്മൂട്ടി മുഖ്യാതിഥിയാകും. കായികമന്ത്രി വി. അബ്ദുറഹിമാന്‍ കാഴ്ച എം. ടി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. സി. രാധാകൃഷ്ണന്‍ ആദരഭാഷണം നടത്തും.
17 ന് രാവിലെ ‘എം.ടിയുടെ നോവല്‍ ഭൂമിക’ സെമിനാറില്‍ ജോര്‍ജ് ഓണക്കൂര്‍, എം. എം. ബഷീര്‍, ജയമോഹന്‍, എം. എം. നാരായണന്‍, ടി. സി. രാമകൃഷ്ണന്‍ സംസാരിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന കഥാചര്‍ച്ചയില്‍ വൈശാഖന്‍, സി. വി. ബാലകൃഷ്ണന്‍, പി. കെ. രാജശേഖരന്‍, സുഭാഷ്ചന്ദ്രന്‍, കെ. രേഖ എന്നിവര്‍ പ്രഭാഷണം നടത്തും. 4. 30ന് എം. ടിയുമായി അടുപ്പമുള്ളവര്‍ പങ്കെടുക്കുന്ന സ്‌നേഹസംഗമം നടക്കും.
മൂന്നാം ദിനമായ വ്യാഴാഴ്ച രാവിലെ ‘എം. ടിയുടെ ചലച്ചിത്രകാലം’ എന്ന വിഷയത്തിലുള്ള സെമിനാറില്‍ ഹരിഹരന്‍, കെ. ജയകുമാര്‍, സീമ, പ്രിയദര്‍ശന്‍, വിനീത്, ലാല്‍ജോസ് സംബന്ധിക്കും. ഉച്ചക്ക് ‘എം. ടി എന്ന പത്രാധിപര്‍’ സെമിനാറില്‍ എം. എന്‍. കാരശ്ശേരി, ജോണ്‍ ബ്രിട്ടാസ് എം. പി., കെ. വി. രാമകൃഷ്ണന്‍, കെ. സി. നാരായണന്‍, വെങ്കിടേഷ് രാമകൃഷ്ണന്‍ സംസാരിക്കും. മന്ത്രി പി. എ. മുഹമ്മദ് റിയാസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
19 ന് രാവിലെ ‘അറിയുന്ന എം. ടി, അറിയേണ്ട എം. ടി. ‘ എന്ന സെമിനാറില്‍ വി. മധുസൂദനന്‍ നായര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വി. കെ. ശ്രീരാമന്‍, ഡോ. പി. എം. വാരിയര്‍ എന്നിവര്‍ സംസാരിക്കും. ഉച്ചയ്ക്ക് ‘എം. ടി. തലമുറകളിലൂടെ’ സെമിനാറില്‍ എം. ടി. യുടെ സമകാലികരായ എഴുത്തുകാരുടെ മക്കള്‍ സംസാരിക്കും. അവസാന ദിവസം രാവിലെ ‘എം. ടിയും തുഞ്ചന്‍പറമ്പും’ എന്ന വിഷയത്തില്‍ സി. ഹരിദാസ് എക്‌സ് എം. പി., അബ്ദുസമദ് സമദാനി എം. പി., എ. വിജയരാഘവന്‍, എം. ആര്‍. രാഘവവാരിയര്‍, കെ. പി. രാമനുണ്ണി സംസാരിക്കും.
സമാപന സമ്മേളനത്തില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി, കുറുക്കോളി മൊയ്തീന്‍ എം. എല്‍. എ, എ. പി. സീമ സംസാരിക്കും. സച്ചിദാനന്ദന്‍ ആദരഭാഷണം നടത്തും. എം. ടി രചിച്ച നിര്‍മാല്യം, ഓളവും തീരവും, വൈശാലി എന്നീ സിനിമകള്‍ വിവിധ ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കും.
16 ന് പുഷ്പവതി പാടുന്നു, 17 ന് അശ്വതി ശ്രീകാന്തിന്റെ നൃത്തസന്ധ്യ, 18 ന് ഷെര്‍ലക് നാടകം, എടപ്പാള്‍ വിശ്വനാഥന്റെ സുകൃതഗാനങ്ങള്‍, 19 ന് എം. ടി രചിച്ച് കോട്ടക്കല്‍ മുരളീ സംവിധാനം ചെയത ഗോപുരനടയില്‍ നാടകം, 20 ന് സുധീപ് കുമാറിന്റെ ഹൃദയഗീതങ്ങള്‍ അരങ്ങേറും.