കോഴിക്കോട്: മുരുകേഷ് കാക്കൂര്‍ പുരസ്‌കാരം നാടക സംവിധായകനും നാടക രചയിതാവും നടനുമായ ജയന്‍ തിരുമനയ്ക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതിനായിരത്തി ഒന്ന് രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം 18ന് വൈകീട്ട് നാല് മണിക്ക് കാക്കൂര്‍ ഗ്രാമീണ വായനശാല ഹാളില്‍ വച്ച് നടക്കുന്ന ‘ ഓര്‍മകളില്‍ കുട്ടേട്ടന്‍’ എന്ന മുരുകേഷ് കാക്കൂര്‍ അനുസ്മരണ പരിപാടിയില്‍ വച്ച് പ്രമുഖ നാടകപ്രവര്‍ത്തകന്‍ കെ.രവിവര്‍മ സമ്മാനിക്കും. മുന്നൂറോളം നാടകങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ച ജയന്‍ തിരുമന, എഴുപതോളം നാടക സമിതികള്‍ക്ക് വേണ്ടി എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അമച്വര്‍, പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് പുറമേ മഴമേഘപ്രാവുകള്‍, സെന്‍ട്രല്‍ ജയില്‍, മനതില്‍, അനില്‍(തമിഴ്) സിനിമകള്‍ക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്. നാടക രചനക്കും സംവിധാനത്തിനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ നേടിയിട്ടുള്ള ജയന്‍ തിരുമനയ്ക്ക് ഗുരുകുലം എന്ന നാടകത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കൂടാതെ 300ല്‍പരം സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ അവാര്‍ഡുകളും ജയന്‍ തിരുമനയെ തേടി എത്തിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ രമേഷ് കാവില്‍, കലാമണ്ഡലം സത്യവ്രതന്‍, ഷിബു പാലാഴി, സുധി പി.സി പാലം എന്നിവര്‍ പങ്കെടുത്തു.