കൊല്‍ക്കത്ത: രാജ്യവ്യാപകമായി മര്‍കസ് ആരംഭിച്ച വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പശ്ചിമബംഗാളില്‍ ത്വയ്ബ ഗാര്‍ഡന്‍ ഷീ ക്യാമ്പസിന്റെ പുതിയ കെട്ടിടം സംസ്ഥാന ഉപഭോക്തൃ വകുപ്പ് മന്ത്രി ബിബ്ലബ് മിത്ര ഉദ്ഘാടനം ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മര്‍കസിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാഭ്യാസ സാമൂഹ്യ പ്രവര്‍ത്തനങ്ങളെ ജനങ്ങളും ഭരണകൂടവും വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഉദ്ഘാടന സംഗമത്തെ സംബോധന ചെയ്ത് മന്ത്രി പറഞ്ഞു. സാധാരണക്കാരുടെ ഉന്നത വിദ്യാഭ്യാസ മോഹങ്ങള്‍ക്ക് ചിറകുനല്‍കാന്‍ മര്‍കസ് വലിയതോതില്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ ബംഗാളില്‍ തൈ്വബ ഗാര്‍ഡന്‍ നിര്‍വഹിച്ച പ്രവര്‍ത്തനങ്ങളെ മാനിച്ച് വരുംഭാവിയിലെ പദ്ധതികളില്‍ സര്‍ക്കാരിന്റെ ശക്തമായ പിന്തുണ ഉറപ്പുനല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു.
ദക്ഷിണ്‍ ദിനജ്പൂര്‍ ജില്ലയിലെ തപ്പനിനടുത്ത് ബഗോയ്ട്ടില്‍ 2018ല്‍ ആരംഭിച്ച ഷീ ക്യാമ്പസില്‍ നിലവില്‍ നൂറോളം വിദ്യാര്‍ഥിനികള്‍ പഠിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കൂടുതല്‍ പേര്‍ക്ക് താമസിച്ചുപഠിക്കാനുള്ള സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ത്വയ്ബ ഗാര്‍ഡന്‍ ഷീ ക്യാമ്പസിന്റെ സൗജ്യന്യ സ്ത്രീ വിദ്യാഭ്യാസത്തിലൂടെ ഒട്ടനവധി കുടുംബങ്ങളില്‍ അറിവിന്റെ സന്ദേശമെത്തിക്കാന്‍ സാധിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ പ്രദേശത്തെ ശൈശവ വിവാഹങ്ങളുടെ തോത് കുറക്കാനും ഷീ ക്യാമ്പസിനായി. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് ശേഷം കേന്ദ്ര സര്‍വകലാശാലകളിലെ പഠനത്തിനും നീറ്റ് പോലുള്ള പ്രവേശന പരീക്ഷാ പരിശീലനത്തിനും സ്ഥാപനം സംവിധാനമൊരുക്കുന്നു. പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍- നൈപുണി പരിശീലനവും തൊഴിലുപകരണങ്ങളും വിവാഹ ധനസഹായവും നല്‍കുന്നു.
ചടങ്ങില്‍ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന തൈ്വബ ഗാര്‍ഡന്‍ പത്താം വാര്‍ഷിക പ്രഖ്യാപനം ഡയരക്ടര്‍ സുഹൈറുദ്ദീന്‍ നൂറാനി പ്രഖ്യാപിച്ചു.100 പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം,100 ഗ്രാമങ്ങളില്‍ പ്രാഥമിക വിദ്യാലയങ്ങള്‍, 50 കുടുംബങ്ങള്‍ക്കുള്ള ഭവന പദ്ധതി തുടങ്ങി വ്യത്യസ്ത പദ്ധതികള്‍ സമ്മേളനത്തോടനുബന്ധിച്ച് പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ബനിയാസ് സ്‌പേക് മാനേജിങ് ഡയരക്ടര്‍ അബ്ദുറഹ്‌മാന്‍ ഹാജി കുറ്റൂര്‍, സ്‌ട്രോങ്ങ് ലൈറ്റ് മാനേജിങ് ഡയരക്ടര്‍ നാസര്‍ ഹാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശലിപിക റോയ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ദാസ്, ജില്ലാ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ ബിപ്ലബ് ഖാന്‍, ജില്ലാ മുനിസിപ്പല്‍ ചെയര്‍മാന്‍ അശോക് മിത്ര എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.