ഇംഫാല്‍: ആദിവാസി ഇതര വിഭാഗമായ മെയ്‌തേയിമാരുടെ ഇടയില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് കുക്കി സമുദായാംഗങ്ങളായ 10 എം. എല്‍. എമാര്‍. കുക്കി സമുദായത്തിന്റെ സംരക്ഷണത്തിനായി മണിപ്പൂര്‍ വിഭജിക്കണമെന്നും ബിരേന്‍ സിങ് സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ബി. ജെ. പി എം. എല്‍. എ മാര്‍ അടക്കമുള്ളവര്‍ കേന്ദ്രസര്‍ക്കാറിന് നിവേദനം നല്‍കി. മെയ്‌തേയി- കുക്കി കലാപത്തില്‍ എഴുപത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് കുക്കി എം. എല്‍. എമാര്‍ പ്രത്യേക സംസ്ഥാനം എന്ന ആവശ്യം ഉന്നയിച്ചത്. ക്രൈസ്തവ ഭൂരിപക്ഷമുള്ള ചിന്‍-കുക്കി-സോമി ഗോത്രവര്‍ഗക്കാരെ സംരക്ഷിക്കുന്നതില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് എം. എല്‍. എമാര്‍ ആരോപിച്ചു. കലാപത്തിന് ശേഷം മയ്‌തേയികള്‍ക്കിടയില്‍ ജീവിക്കുന്നതിലും നല്ലത് മരണമാണെന്ന് ആളുകള്‍ ചിന്തിക്കുകയാണെന്ന് നിവേദനത്തില്‍ പറയുന്നു.
എം. എല്‍. എമാരും മന്ത്രിമാരും മുതല്‍ കുട്ടികളെപ്പോലും വെറുതെ വിടാത്ത തരത്തില്‍ ആദിവാസി സമൂഹങ്ങളോടുള്ള വിദ്വേഷം ഉയര്‍ന്നതിനാല്‍ മണിപ്പൂരിന് കീഴില്‍ നമ്മുടെ ആളുകള്‍ക്ക് നിലനില്‍ക്കാനാവില്ലെന്നും ആരാധനാലയങ്ങളും വീടുകളും നശിപ്പിക്കപ്പെട്ടെന്നും മെയ്തികള്‍ക്ക് ഇടയില്‍ തുടര്‍ന്ന് ജീവിക്കുന്നത് ജനങ്ങള്‍ മരണതുല്യമായാണ് കാണുന്നതെന്നും നിവേദനത്തില്‍ പറയുന്നു. സമുദായത്തിന്റെ വികാരമാണ് തങ്ങള്‍ പ്രതിനിധീകരിക്കുന്നതെന്നും മണിപ്പൂര്‍ സംസ്ഥാനത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴിലുള്ള പ്രത്യേക ഭരണകൂടം അനുവദിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയാണെന്നും മണിപ്പൂരിന്റെ അയല്‍സംസ്ഥാനമായി സമാധാനപൂര്‍വം ജീവിച്ചുകൊള്ളാമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 60 സീറ്റുള്ള മണിപ്പൂര്‍ നിയമസഭയിലെ ആറിലൊന്ന് എം. എല്‍. എ മാരാണ് പുതിയ കുക്കി സംസ്ഥാനത്തിന് ആവശ്യമുന്നയിച്ച് നിവേദനത്തിലൊപ്പുവെച്ചത്.