കോഴിക്കോട്: നീതിയെക്കുറിച്ചോര്‍ക്കുമ്പോള്‍ പെരുവഴിയിലേക്ക് വലിച്ചെറിയപ്പെട്ടവരാണ് ഇന്ത്യക്കാരെന്ന് പ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പി.ജി രവീന്ദ്രന്‍ രചിച്ച ‘ സാമൂഹ്യ നീതിയും ലിംഗസമത്വവും’ പുസ്തകം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം കുറയുമ്പോള്‍ വംശഹത്യ വളരും. നീതിയുടെ ഉള്ളടക്കം വിവേചനങ്ങള്‍ക്കുമപ്പുറമാണ്. നാം വിവേചനങ്ങളുടെ നടുവിലാണ്. ഏത് സാഹചര്യത്തിലും ആത്മാഭിമാനത്തോടെ ജീവിക്കാന്‍ നീതി ആവശ്യമാണ്. നീതി ന്യൂക്ലിയസാണ്. നീതി പുലര്‍ന്നില്ലെങ്കില്‍ ലോകമില്ല. രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം അപകടത്തിലാണ്. ആണ്മ, പെണ്മ എന്നത് പോലെ ട്രാന്‍സ്മ എന്നതുകൂടി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഈ കാഴ്ചപ്പാട് ഇവിടെക്കൊണ്ടും നില്‍ക്കില്ല. ഏറ്റവും പിറകില്‍ വന്നവരാണ് ചരിത്രത്തില്‍ മുന്നില്‍ നടക്കുന്നവരായി മാറുന്നത്. വര്‍ത്തമാനകാല സാമൂഹിക സാഹചര്യങ്ങളില്‍ പി.ജി രവീന്ദ്രന്റെ രചനയായ ‘സാമൂഹ്യനീതിയും ലിംഗസമത്വവും’ എന്നതിന് വലിയ പ്രസക്തിയുണ്ടെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുസ്തകം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പ്രകാശനം ചെയ്തു. ചടങ്ങില്‍ പി.ആര്‍ നാഥന്‍ അധ്യക്ഷത വഹിച്ചു.