137 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നില്‍, ബി.ജെ.പിക്ക് 64 സീറ്റ് മാത്രം, ജെ.ഡി.എസിന് 20
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ തരംഗമായി കോണ്‍ഗ്രസ്. 224 മണ്ഡലങ്ങളില്‍ 137ലും കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ബി.ജെ.പി 64 സീറ്റുകളിലും ജെ.ഡി.എസ് 20 സീറ്റുകളിലും ഒതുങ്ങി. വമ്പന്‍ തിരിച്ചു വരവാണ് കോണ്‍ഗ്രസ് ഇത്തവണ നടത്തിയരിക്കുന്നത്. കൂട്ടുകക്ഷി ഭരണമില്ലാതെ അധികാരത്തിലേറാന്‍ ഇത്തവണ കോണ്‍ഗ്രസിന് സാധിക്കും. ഭരണ വിരുദ്ധവികാരമാണ് കര്‍ണാടകയയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും ഇറക്കിയത്. അഴിമതി ആരോപണങ്ങള്‍ തിരിച്ചടിയായി. മോദിയെ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ അമ്പേ പരാജയപ്പെട്ടു. ജെ.ഡി.എസിന് ഇത്തവണ വോട്ട് ചോര്‍ച്ചയുണ്ടായിയെന്ന് നിസംശയം പറയാം. സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ഹൈക്കമാന്‍ഡാണ് അവസാന തീരുമാനം കൈക്കൊള്ളുക. അതേ സമയം വിജയം ഉറപ്പിച്ചതിന് ശേഷം മാധ്യമങ്ങളെക്കണ്ട കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ഏറെ വികാരധീനനായാണ് പ്രതികരിച്ചത്. സോണിയഗാന്ധിക്ക് നല്‍കിയ വാക്ക് താന്‍ നിറവേറ്റിയെന്ന് അദ്ദേഹം പറഞ്ഞു. 2018ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 55 അധിക സീറ്റുകള്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിനായി. 104 സീറ്റീല്‍ നിന്ന് 64 സീറ്റുകളിലേക്ക് ബി.ജെ.പി പടിയിറങ്ങിയപ്പോള്‍ 2018ല്‍ 37 സീറ്റ് ഉണ്ടായിരുന്ന ജെ.ഡി.എസിന് 17 സീറ്റിന്റെ കുറവാണ് ഇത്തവണ ഉണ്ടായത്. തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിജയം ഡി.കെ ശിവകുമാറിന്റേതാണ് കനകപുരയില്‍ 1,20000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ശിവകുമാര്‍ ജയിച്ചു കയറിയത്. ആര്‍.ആശോകിനെയാണ് അവിടെ പരാജയപ്പെടുത്തിയത്. വരുണയില്‍ സിദ്ധരമയ്യയുടെ ഭൂരിപക്ഷം 46006 ആണ്. ബി.ജെ.പിയുടെ സോമണ്ണയയെ ആണ് സിദ്ധരാമയ്യ പരാജയപ്പെടുത്തിയത്.