കൊച്ചി: എ. ഐ ക്യാമറ പദ്ധതി അഴിമതി ആരോപണത്തില്‍ ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യതയേ സര്‍ക്കാരിനുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടെന്‍ഡര്‍ കിട്ടാത്ത കമ്പനികളാണ് പരാതിക്കാര്‍. പദ്ധതി ഏതെങ്കിലും പ്രത്യേക കമ്പനിയെ ഏല്‍പ്പിച്ചതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റ് വേദിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ടെന്‍ഡര്‍ വിളിച്ച് കുറഞ്ഞ തുക രേഖപ്പെടുത്തിയവര്‍ക്കാണ് നല്‍കിയത്. കിട്ടാത്തവര്‍ ചില്ലറക്കാരല്ല, അവരാണ് പരാതിക്കാര്‍. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. ഇപ്പോഴത്തെ കരാറുകാര്‍ക്ക് വിഹിതം ഓരോയിടത്തും കൊണ്ടുചെന്ന് കൊടുക്കേണ്ട അവസ്ഥയില്ല. ഇപ്പോള്‍ രാഷ്ട്രീയ വിരോധത്തിനപ്പുറം പുതിയ പുതിയ കഥകള്‍ തയ്യാറാക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഈ കഥകള്‍ക്ക് വലിയ പ്രചാരണം കിട്ടുന്നു. കുബുദ്ധികള്‍ക്ക് മറുപടിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എഐ ക്യാമറ പദ്ധതിയില്‍ സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരെ നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. പദ്ധതിക്ക് ഉപ കരാര്‍ ലഭിച്ച കമ്പനികളില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ബിനാമിയുണ്ടെന്ന് വരെ ആരോപണമുയര്‍ന്നിരുന്നു.