നാദാപുരം: ‘നവകേരളം, വൃത്തിയുള്ള കേരളം’ പദ്ധതിയുടെ ഭാഗമായി നാദാപുരത്ത് അങ്കണവാടി ടീച്ചര്‍മാരുടേയും വര്‍ക്കര്‍മാരുടെയും യോഗം ചേര്‍ന്നു. അങ്കണവാടികളെ മാലിന്യം വലിച്ചെറിയല്‍ മുക്തമായി പ്രഖ്യാപിക്കുവാനും മാലിന്യ സംസ്‌കരണം സംബന്ധിച്ച് അജൈവ മാലിന്യ സംസ്‌കരണത്തില്‍ വാതില്‍പ്പടി സേവനം 100% എത്തിക്കുന്നതിന് വേണ്ടി അങ്കണവാടികള്‍ കേന്ദ്രീകരിച്ച് അമ്മമാരുടെ യോഗം വിളിച്ചുചേര്‍ക്കുവാനും തീരുമാനിച്ചു. അങ്കണവാടികളില്‍ പഠിക്കുന്ന കുട്ടികളുടെ വീടുകളില്‍ ഹരിത ചട്ടം ഉറപ്പുവരുത്തി മുഴുവന്‍ പരിപാടികളിലും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുവാന്‍ ആവശ്യമായ ബോധവല്‍ക്കരണം നടത്തുന്നതാണ്. കൂടാതെ ജൈവമാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന്റെ പ്രാധാന്യം ഓരോ വീട്ടുകാര്‍ക്കും ടീച്ചര്‍മാര്‍ പറഞ്ഞു ബോധ്യപ്പെടുത്തി കൊടുക്കും. അങ്കണവാടി ടീച്ചര്‍മാരുടെ സംഗമം പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു.
അങ്കണവാടികള്‍ കേന്ദ്രീകരിച്ച് നടത്തേണ്ട ശുചിത്വ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് ക്ലാസെടുത്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ നാസര്‍, എം.സി സുബൈര്‍, ജനിത ഫിര്‍ദൗസ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.ബിന്ദു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വച്ച് സര്‍വീസില്‍ നിന്ന് വിരമിച്ച അങ്കണവാടി പ്രവര്‍ത്തകരായ എന്‍.ചന്ദ്രി, വി.പി ലതിക, ടി.എ പത്മാവതി, എം.കെ ശാന്ത എന്നിവര്‍ക്ക് പഞ്ചായത്തിന്റെ സ്‌നേഹോപഹാരം പ്രസിഡന്റ് വിതരണം ചെയ്തു.