കോഴിക്കോട്: ഇരിങ്ങലിലെ സര്‍ഗാലയ കേരള ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജ് ‘സര്‍ഗാലയ സര്‍ഗസന്ധ്യ’ എന്ന പേരില്‍ വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും ഉത്സവകാലങ്ങളിലുമുള്‍പ്പെടെ ഒരു വര്‍ഷം വിവിധ ശ്രേണിയില്‍പ്പെട്ട കലാപരിപാടികളാണ് ഒരുക്കുന്നത്. കൊവിഡ് മഹാമാരി കലാമേഖലയില്‍ സൃഷ്ടിച്ച സമാനതകളില്ലാത്ത പ്രതിസന്ധിയില്‍ നിരാലംബരായ കലാകാരന്മാരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായി ഒരുക്കുന്ന ഈ കലാപരമ്പര കേരള വിനോദസഞ്ചാര മേഖലയില്‍ അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച സര്‍ഗാലയയില്‍ എട്ട് മുതല്‍ ആരംഭിച്ചു.
ചെന്നൈയില്‍ നിന്നുള്ള പ്രമുഖ കലാകാരികളായ ലക്ഷ്മി പാര്‍ത്ഥസാരഥി ആത്രേയ, ഉമാ സത്യനാരായണന്‍ എന്നിവര്‍ ഒരുക്കുന്ന ഭാരത നാട്യം ഡ്യൂയറ്റ് പെര്‍ഫോമന്‍സ് – ‘സഖ്യം’ നാളെ ശനിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് സര്‍ഗാലയയില്‍ അവതരിപ്പിക്കും. ‘സര്‍ഗാലയ സര്‍ഗസന്ധ്യ’ കലാപരമ്പരയിലെ പരിപാടികള്‍ കുടുംബസമേതം വാര്‍ഷിക മെമ്പര്‍ഷിപ്പോടെ ആസ്വദിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ ഈ മെമ്പര്‍ഷിപ്പുള്ളവര്‍ക്ക് സര്‍ഗാലയയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. പ്രസ്തുത കാര്‍ഡുടമകള്‍ക്ക് നിരവധി ആനുകൂല്യങ്ങളും ലഭ്യമാണ്. നാലംഗ കുടുംബത്തിന് ഒരു വര്‍ഷത്തേക്ക് 3000 രൂപയും മൂന്നംഗ കുടുംബത്തിന് 2500 രൂപയും ദമ്പതികള്‍ക്ക് 2000 രൂപയും വ്യക്തികള്‍ക്ക് 1200 രൂപയുമാണ് മെമ്പര്‍ഷിപ്പ് തുക. മെമ്പര്‍ഷിപ്പിനും വിശദ വിവരങ്ങള്‍ക്കും 9387112505, 9446304222 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.