അമൃത്സര്‍: അമൃത്സറില്‍ സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രിയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനമുണ്ടായത്. മെയ് ആറിനും എട്ടിനും സുവര്‍ണ്ണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം നടന്നിരുന്നു. ദേശീയ അന്വേഷകസംഘവും പഞ്ചാബ് പോലീസും സംയുക്തമായി ഫോറന്‍സിക് സാമ്പിളുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.
അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപത്തുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് 5 പേരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. സ്‌ഫോടന ശേഷി കുറഞ്ഞ ബോംബ് ഉപയോഗിച്ച് ആണ് സ്‌ഫോടനം നടത്തിയത്. ബോംബ് എറിഞ്ഞ ആള്‍ ഉള്‍പ്പെടെ 5 പേരെയാണ് നിലവില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.
സ്‌ഫോടന സ്ഥലത്തുനിന്ന് ലഘുലേഖകള്‍ കണ്ടെത്തിയതായി പൊലീസ് സൂചനകള്‍ നല്‍കുമ്പോള്‍ തനിക്കൊരു സംഘടനയുമായി ബന്ധമില്ലെന്ന് പ്രധാന പ്രതി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ചില ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതി മൊഴി നല്‍കിയതായും റിപ്പോര്‍ട്ട് വിശദമാക്കുന്നു. മയക്കുമരുന്ന് ഇഞ്ചക്ഷനുകളും പ്രതിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വിവിധ രീതിയിലെ പടക്കങ്ങളിലുപയോഗിക്കുന്ന പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് പ്രാഥമിക വിവരം.