കോഴിക്കോട്: കേരള കൗണ്‍സിലേര്‍സ് ആന്‍ഡ് ട്രെയിനേഴ്‌സ് ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ എസ്. എസ്. എല്‍. സി, പ്ലസ്ടു പരീക്ഷ എഴുതിയ കുട്ടികള്‍ക്കായി സഞ്ജീവനി 2023 ക്യാമ്പയിന്‍ ആരംഭിച്ചതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പരീക്ഷാഫലങ്ങളെക്കുറിച്ചുള്ള ആശങ്കയില്‍ ജീവനും ജീവിതവും നഷ്ടപ്പെടുത്തുന്ന വിദ്യാര്‍ഥികലും അതുവഴി തകര്‍ന്നുപോകുന്ന കുടുംബങ്ങളും കാലഘട്ടത്തിന്റെ തീരാനൊമ്പരങ്ങളായി മാറുന്ന കാഴ്ചകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൗജന്യമായാണ് ഈ ക്യാമ്പയിന്‍ നടത്തുന്നത്.
റിസള്‍ട്ട് വരുന്നതിനു മുമ്പോ വന്നതിനു ശേഷമോ എപ്പോള്‍ വേണമെങ്കിലും കൗണ്‍സിലര്‍മാരെ വിളിക്കാവുന്നതാണ്. കുട്ടികളില്‍ കാണുന്ന സമ്മര്‍ദ്ദം, ആകാംക്ഷ എന്നിവ കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരീക്ഷകളില്‍ പരാജയപ്പെട്ടു പോകുന്ന വിദ്യാര്‍ഥികളില്‍ പരാജയ കാരണം കണ്ടെത്തി പരിഹാരം നിര്‍ദ്ദേശിച്ച് സ്വയം പ്രാപ്തി നേടാനുള്ള ഓണ്‍ലൈന്‍ കൗണ്‍സിലിംഗ്, ഓണ്‍ലൈന്‍ ആന്‍ഡ് ഓഫ്‌ലൈന്‍ ട്രെയിനിങ് , മോട്ടിവേഷന്‍ ക്ലാസുകല്‍, വിവിധ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. മെയ് ആദ്യവാരം ആരംഭിച്ച് ജൂലൈ അവസാനം വരെ ക്യാമ്പയിന്‍ നടക്കും. സംസ്ഥാനത്തെ 500 ലധികം ട്രെയിനര്‍മാര്‍ ഇതില്‍ ഭാഗഭാക്കാവും. ഹെല്‍പ് ലൈന്‍ നമ്പര്‍- 9847335474
വാര്‍ത്താസമ്മേളനത്തില്‍ സഞ്ജീവനി ബ്രാന്‍ഡ് അംബാസഡര്‍ വിധുബാല, ഡോ. ബെഞ്ചമിന്‍ ഈശോ( കെ.സി. ടി.ടി.യു സ്‌റ്റേറ്റ് പ്രസിഡന്റ്), സഞ്ജീവനി പ്രോഡക്ട് ചെയര്‍മാന്‍ ഡോ. അബ്ദുറഹ്‌മാന്‍ കൊളത്തായി, സ്‌റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ശ്രീരാജ് കെ. വി. ഡോ. മനോഹര്‍ലാല്‍, കെ. സി. ടി.ടിയു സ്‌റ്റേറ്റ് ട്രഷറര്‍ മുബീന, അനൂപ് എം. എ പങ്കെടുത്തു.