കോഴിക്കോട്: പത്തുവര്‍ഷം മുമ്പ് തൊഴില്‍ വിസയില്‍ സൗദിയിലേക്ക് പോയ മകനെ കണ്ണീരോടെ കാത്തിരിക്കുകയാണ് തിരുവമ്പാടി പഞ്ചായത്തില്‍ താഴെ തിരുവമ്പാടിയില്‍ വീരാശ്ശേരി വീട്ടില്‍ താമസിക്കുന്ന കുഞ്ഞിമുഹമ്മദ് വീരാശ്ശേരി എന്ന വൃദ്ധനായ പിതാവ്. ഇദ്ദേഹത്തിന്റെ മകനായ അബ്ദുള്‍സലാം 2002 ല്‍ തൊഴില്‍ വിസയില്‍ സൗദിയിലെ റിയാദ് ബത്ഹയില്‍ അബാക്കര്‍ പ്രിന്റിങ് പ്രസില്‍ ജോലിക്ക് ചേര്‍ന്നിരുന്നു. ജോലിയിലിരിക്കെ 2007 ല്‍ പാസ്‌പോര്‍ട്ട് ഉപേക്ഷിച്ച് ജോലിസ്ഥലത്തു നിന്ന് പോയ അബ്ദുള്‍ സലാം 2011 ല്‍ ഇന്ത്യന്‍ എംബസിയില്‍ ഔട്ട് പാസിനായി അപേക്ഷിച്ചിരുന്നു. എന്നാല്‍ നാട്ടിലേയ്ക്ക് പോകാതെ അവിടെത്തന്നെ തങ്ങിയതിനാല്‍ 2013 ജൂലൈ 26 ന് നിയമലംഘനത്തിന് സൗദി പോലീസ് പിടികൂടുകയും രണ്ട് മാസത്തോളം ജയില്‍ ശിക്ഷ അനുഭവിക്കുകയും 2013 സെപ്തംബര്‍ 7 ന് ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയതതായി ഇന്ത്യന്‍ എംബസി രേഖകളിലുണ്ട്. റിയാദിലെ മലയാളി സാമൂഹിക പ്രവര്‍ത്തകരായ ഷിബു പത്തനാപുരം, ബഷീര്‍ പാണക്കാട് എന്നിവരാണ് ഇന്ത്യന്‍ എംബസിയില്‍ അന്വേഷണം നടത്തി ഈ വിവരങ്ങള്‍ സ്ഥരീകരിച്ചത്. എന്നാല്‍ പിന്നീട് അബ്ദുള്‍സലാമിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുഞ്ഞിമുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.
മകന്റെ തിരോധാനത്തെക്കുറിച്ച് തിരുവമ്പാടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു തുടര്‍ നടപടിയുമുണ്ടായില്ല. പത്തുവര്‍ഷമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ് വൃദ്ധരായ മാതാപിതാക്കള്‍. ബന്ധപ്പെട്ടവര്‍ ഉടന്‍ അന്വേഷണം നടത്തി മകനെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂര്‍ നസീറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അന്വേഷണത്തിനായി മുഖ്യമന്ത്രിക്കും ആഭ്യന്തരസെക്രട്ടറി, ജില്ലാ കലക്ടര്‍, കോഴിക്കോട് പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.