ന്യൂഡല്‍ഹി: ഗൗതമ ബുദ്ധനുമായി ബന്ധപ്പെട്ട ലുംബിനിയും ബോധ്ഗയയും നേപ്പാളലാണെന്നും അതിനാല്‍ ഇന്ത്യ നേപ്പാളുമായി അടുത്ത് ബന്ധപ്പെട്ടു കിടക്കുകയാണെന്നും കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ഡല്‍ഹിയില്‍ ബുദ്ധ പൂര്‍ണിമ ആഘോഷത്തിന്റെ ഭാഗമായി ‘ബുദ്ധം ചരണം ഗച്ഛാമി’ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു മീനാക്ഷി ലേഖി. 2500 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ബുദ്ധമത തത്വങ്ങള്‍ ഇന്നും പ്രസക്തമാണെന്നും ബുദ്ധ തത്വങ്ങളുടെയും കലയുടെയും സംസ്‌കാരത്തിന്റെയും കേന്ദ്രമായ ഇന്ത്യയാണ് ബുദ്ധമത തത്വങ്ങള്‍ ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ മുന്‍കൈ എടുക്കേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മുതിര്‍ന്ന ബുദ്ധ സന്യാസികളുടെ സാന്നിധ്യത്തില്‍ ഇന്നലെയാണ് ഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്‌സിലാണ് പ്രദര്‍ശനം ആരംഭിച്ചത്. ബുദ്ധന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ളതാണ് പ്രദര്‍ശനം. ആഗോള തലത്തിലെ ബുദ്ധ സംസ്‌കാരത്തിലെ കലാപരമായ യാത്രയിലൂന്നിയുള്ളതാണ് പ്രദര്‍ശനം. ബുദ്ധ വിചാരങ്ങളും ചരിത്രവും പ്രദര്‍ശനം കൈകാര്യം ചെയ്യുന്നുണ്ട്.
ഡ്രേപംഗ് ഗോമംഗ് ആശ്രമത്തിലെ കുണ്ടെലിംഗ് ടാറ്റ്‌സാക് റിംപോച്ചെയായിരുന്നു ചടങ്ങിലെ വിശിഷ്ടാതിഥി. സഹജീവികളോട് അനുകമ്പാമനോഭാവത്തോട് കൂടി പെരുമാറാന്‍ എല്ലാവരും ബുദ്ധ തത്വങ്ങള്‍ പിന്തുടരുന്നത് ഉചിതമാണെന്ന് അദ്ദേഹം പറഞ്ഞു.