കോഴിക്കോട്: റെയില്‍വെ വരുമാനം വര്‍ധിച്ച സാഹചര്യത്തില്‍ പാസഞ്ചര്‍ ട്രെയിനുകളില്‍ എക്‌സ്പ്രസ് നിരക്ക് വാങ്ങുന്നത് നിര്‍ത്തണമെന്നും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രാഇളവ് പുനഃസ്ഥാപിക്കണമെന്നും കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ അധിക നിരക്ക് ഇപ്പോഴും വസൂലാക്കുന്നതും ഇളവുകള്‍ നല്‍കാത്തതും ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി, റെയില്‍ ബോര്‍ഡ് ചേയര്‍മാന്‍, മറ്റ് ബന്ധപ്പെട്ട അധികാരികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് സമിതി പ്രസിഡന്റ് നിവേദനം നല്‍കി. യോഗത്തില്‍ പ്രസിഡന്റ് പി.ഐ.അജയന്‍ അധ്യക്ഷത വഹിച്ചു. പദ്മനാഭന്‍ വേങ്ങേരി, വി.പി സനീബ്കുമാര്‍, വി.ചന്ദ്രശേഖരന്‍, സാബുമാത്യു, ഇ.ദിനചന്ദ്രന്‍ നായര്‍, വനജ ചീനംകുഴിയില്‍ വെളിപാലത്ത്ബാലന്‍, ഗൗരിശങ്കര്‍, ടി.സി അബ്ദുള്‍ കരീം, ശോഭ.സി.ടി, എം.അബ്ദുറഹിമാന്‍, കെ.മാധവന്‍, പി.പി.വൈരമണി എന്നിവര്‍ സംസാരിച്ചു.