കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിയ പ്രതിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിനും ചടങ്ങുകള്‍ക്കും ശേഷം ഉച്ചക്ക് രണ്ട് മണിയോടു കൂടി സംസ്കാരം നടക്കും. ഡോ.വന്ദനാദാസിനെ അവസാനമായി കാണാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുട്ടുചിറയിലെ വീട്ടിലെത്തി. വന്ദനയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ചതിനു ശേഷമാണ് അവര്‍ അവിടെ നിന്നും പോയത്. കഴിഞ്ഞ ദിവസം വന്ദനയെ കുറിച്ച് അവര്‍ നടത്തിയ പരമാര്‍ശം വിവാദമായിരുന്നു. മാധ്യപ്രവര്‍ത്തകരോട് ഒന്നും പ്രതികരിക്കാതെയാണ് അവര്‍ മടങ്ങിയത്.
സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന മന്ത്രിമാര്‍ക്കുനേരെ പ്രതിഷേധമുണ്ടാകുമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രത്യേകമായി പോലിസ് സംഘത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനോടൊപ്പം കടുത്തുരുത്തിയില്‍ പോലിസ് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുലര്‍ച്ചെ അഞ്ച് മണി മുതല്‍ വൈകീട്ട് രണ്ടുമണിവരെയാണ് ഗതാഗത നിയന്ത്രണം.